കേരളത്തിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലേ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയച്ച പരാതികൾ 'സ്ഥലത്ത് ആളില്ല' എന്ന കാരണത്താൽ തപാൽ വകുപ്പ് തിരിച്ചയക്കുന്ന സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്. പാവറട്ടി സ്വദേശിനിയായ സഫ്ന തനിക്കും കുട്ടികൾക്കും സംരക്ഷണം ആവശ്യപ്പെട്ട് അയച്ച പരാതിയാണ് ഇത്തരത്തിൽ തിരിച്ചെത്തിയത്.
മെയ് അഞ്ചിന് സ്പീഡ് പോസ്റ്റിലൂടെയാണ് സഫ്ന പരാതി അയച്ചത്. എന്നാൽ മെയ് 13-ന് കത്ത് തിരിച്ചെത്തി. കവറിന്റെ മുൻവശത്ത് 'റിട്ടേൺഡ്' എന്നും പിൻവശത്ത് 'റെഫ്യൂസ്ഡ്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. വിലാസക്കാരന്റെ ഓഫീസ് പ്രവർത്തിക്കുന്നില്ല എന്നാണ് ഇതിലൂടെ തപാൽ വകുപ്പ് സൂചിപ്പിക്കുന്നത്. സഫ്നയുടെ അഭിഭാഷകനായ സുജിത്ത് അയിനിപ്പുള്ളിയുടെ നിർദ്ദേശപ്രകാരമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
നേരത്തെ ബന്ധുക്കളുടെ ഉപദ്രവത്തെ തുടർന്ന് സഫ്ന പാവറട്ടി പൊലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ തേടിയത്. എന്നാൽ, ഔദ്യോഗിക വിലാസത്തിലേക്ക് അയച്ച കത്ത് ഇത്തരത്തിൽ തിരിച്ചെത്തിയത് സഫ്നയെയും കുടുംബത്തെയും വലിയ ആശങ്കയിലാക്കിയിരിക്കുകയാണ്. സർക്കാർ സംവിധാനങ്ങളുടെ ഭാഗത്തുനിന്നുണ്ടായ ഈ വീഴ്ച വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
Photo and News Source: Samakalika Malayalam









