രാജ്യത്ത് തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ഇത്തവണ നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഈയാഴ്ച അവസാനത്തോടെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ മണ്‍സൂണ്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ട്. സാധാരണയേക്കാള്‍ ആറുദിവസം മുമ്പേ മണ്‍സൂണ്‍ മേഘങ്ങള്‍ ആന്‍ഡമാനിലെത്തുമെന്നും, നിലവിലെ സാഹചര്യങ്ങള്‍ മഴയ്ക്ക് അനുകൂലമാണെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു.

സാധാരണയായി ജൂണ്‍ ഒന്നിനാണ് കേരളത്തില്‍ കാലവര്‍ഷം ആരംഭിക്കാറുള്ളത്. എന്നാല്‍ ആന്‍ഡമാനില്‍ മെയ് 15-ഓടെ മഴ തുടങ്ങിയാല്‍, പത്തുദിവസത്തിനുള്ളില്‍ കേരളത്തിലും കാലവര്‍ഷം എത്താന്‍ സാധ്യതയുണ്ട്. പ്രതികൂല സാഹചര്യങ്ങള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ മെയ് അവസാനത്തോടെ കേരളത്തില്‍ മഴ ലഭിച്ചു തുടങ്ങും. രാജ്യത്തിന്റെ വാര്‍ഷിക മഴയുടെ 70 ശതമാനവും ലഭിക്കുന്നത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ഈ കാലയളവിലാണ്.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെയും കാര്‍ഷിക മേഖലയുടെയും നട്ടെല്ലാണ് കാലവര്‍ഷം. കൃഷി, ജലവൈദ്യുത ഉത്പാദനം എന്നിവയെല്ലാം മഴയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച കാലവര്‍ഷം ലഭിച്ചത് കാര്‍ഷിക മേഖലയ്ക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും വലിയ ഉണര്‍വ് നല്‍കിയിരുന്നു. ഇത് വാഹന വിപണിയിലും എഫ്എംസിജി മേഖലയിലും വലിയ വളര്‍ച്ചയ്ക്ക് വഴിയൊരുക്കി.

രാജ്യത്ത് ഇത്തവണ ശരാശരിയില്‍ താഴെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് നേരത്തെ പ്രവചനങ്ങള്‍ വന്നിരുന്നു. എങ്കിലും, കടുത്ത വേനല്‍ച്ചൂടില്‍ വലയുന്ന രാജ്യത്തിന് കാലവര്‍ഷത്തിന്റെ വരവ് വലിയ ആശ്വാസമാണ് പകരുന്നത്. മഴയുടെ ലഭ്യതയും വിതരണവും രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ സംബന്ധിച്ചിടത്തോളം അതീവ നിര്‍ണായകമാണ്.

Photo and News Source: Dhanam