ഇസ്രായേൽ-ഹിസ്ബുള്ള വെടിനിർത്തൽ കരാർ നിലനിൽക്കെ, ലെബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ വലിയ നാശനഷ്ടങ്ങൾ. ബെയ്റൂട്ടിന്റെ തെക്ക് ഭാഗത്തുള്ള ഹൈവേയിൽ സഞ്ചരിച്ചിരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഈ സംഭവത്തിൽ രണ്ട് കുട്ടികളടക്കം എട്ട് പേർ കൊല്ലപ്പെട്ടതായി ലെബനൻ ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

സെയ്ദ-സൗത്ത് തീരദേശ ഹൈവേയിലെ ബാർജ, ജിയേ, സാദിയാത്ത് എന്നീ പ്രദേശങ്ങളിലാണ് ഇസ്രായേൽ മൂന്ന് തവണ വ്യോമാക്രമണം നടത്തിയത്. ദക്ഷിണ ലെബനനിലെ മജ്ദൽ സൗൺ, യാനൂഹ്, ബുർജ് ഷെമാലി തുടങ്ങിയ നഗരങ്ങളിലും ആക്രമണങ്ങൾ നടന്നതായി ലെബനന്റെ ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ദക്ഷിണ ലെബനനിലെ 40-ഓളം ഹിസ്ബുള്ള താവളങ്ങൾ തകർത്തതായി ഇസ്രായേൽ പ്രതിരോധ സേന (IDF) വ്യക്തമാക്കി.

ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ആക്രമണങ്ങൾ ആസൂത്രണം ചെയ്യാൻ ഉപയോഗിച്ചിരുന്ന കെട്ടിടങ്ങളും തങ്ങളുടെ ലക്ഷ്യമായിരുന്നുവെന്ന് ഐഡിഎഫ് അവകാശപ്പെട്ടു. കൂടാതെ, ഇസ്രായേലിന് നേരെ വിക്ഷേപിക്കാൻ സജ്ജമാക്കിയിരുന്ന റോക്കറ്റ് ലോഞ്ചറുകൾ തകർത്തതായും സൈന്യം അറിയിച്ചു. ഇസ്രായേൽ സൈനികർക്ക് ഭീഷണിയുയർത്തിയ ഹിസ്ബുള്ള പോരാളികളെ വധിച്ചതായും ഐഡിഎഫ് പ്രസ്താവനയിൽ പറയുന്നു. വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷവും തുടരുന്ന ഈ ആക്രമണങ്ങൾ മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Photo and News Source: Asianet News