നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രകടനം വിശദമായി പരിശോധിക്കാൻ പ്രധാന നേതാക്കൾ ജില്ലകളിലേക്ക് യാത്രയാകുന്നു. ബൂത്തുതല കണക്കുകൾ നേരിട്ട് വിലയിരുത്താൻ കോർകമ്മിറ്റി യോഗം തീരുമാനിച്ചു. ഈ മാസം മുപ്പതിനകം പരിശോധന പൂർത്തിയാക്കും.
ഒരുകോർകമ്മിറ്റിയംഗവും രണ്ട് സംസ്ഥാന ഭാരവാഹികളും ഉൾപ്പെട്ട സമിതിയാണ് ജില്ലകളിലെത്തുക. അഞ്ച് സീറ്റിന് മുകളിൽ ജയിക്കുമെന്ന പ്രതീക്ഷയാണ് കോർകമ്മിറ്റിക്കുള്ളത്. ത്രികോണ മത്സരത്തിലൂടെ മറ്റുമുന്നണികൾക്ക് വെല്ലുവിളി ഉയർത്താനായെന്നും വോട്ടുവിഹിതം ഉയരുമെന്നും പാർട്ടി വിലയിരുത്തുന്നു.
ലഭ്യമായ പോളിങ് ശതമാനം കണക്കിലെടുത്ത് നേമം, കഴക്കൂട്ടം, മഞ്ചേശ്വരം, കാസർകോട്, പാലക്കാട് തുടങ്ങിയ മണ്ഡലങ്ങളിലാണ് ബിജെപി പ്രതീക്ഷ വയ്ക്കുന്നത്. തിരുവനന്തപുരം, കുന്നത്തുനാട്, ചാത്തന്നൂർ തുടങ്ങിയ മണ്ഡലങ്ങളിലും വലിയ സാധ്യതയുണ്ടെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു.
സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം 79.63 ശതമാനമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ടു. പോസ്റ്റൽ വോട്ടുകൾ ഉൾപ്പെടെ 2021-ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് സ്ത്രീ വോട്ടർമാരുടെ എണ്ണത്തിൽ 6.22 ലക്ഷം വർധനയുണ്ടായി. 13.63 ലക്ഷം കൂടുതൽ സ്ത്രീകൾ വോട്ടിടാനെത്തിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ രത്തൻ ഖേല്‍ക്കർ അറിയിച്ചു.
Photo and News Source: Newsthen


