വാഷിംഗ്ടണിൽ നടന്ന സംഭവങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിച്ചു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വത്തിക്കാന്റെ പരമാധ്യക്ഷനായ ലിയോ പതിനാലാമൻ മാർപാപ്പയെ 'ഭീകരൻ' എന്ന് വിശേഷിപ്പിച്ചത് ഇറ്റലിയിലെ കടുത്ത പ്രതിഷേധത്തിന് കാരണമായി. ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി ട്രംപിന്റെ മാർപാപ്പയെതിരായ പരാമർശങ്ങൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കി. മാർപാപ്പയ്ക്ക് ലോകസമാധാനത്തിനായി നിലകൊള്ളാനുള്ള അവകാശം ഉണ്ട് എന്നും യുദ്ധങ്ങളെ അപലപിക്കാനുള്ള അവകാശം ഉണ്ട് എന്നും മെലോണി ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അന്താരാഷ്ട്ര തലത്തിൽ വത്തിക്കാനും അമേരിക്കയും തമ്മിലുള്ള തർക്കം പുതിയ വഴിത്തിരിവിലെത്തി. ഇതിനിടെ, ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ അക്കൗണ്ടിൽ പങ്കുവെച്ച അതീവ വിവാദമായ പോസ്റ്റ് പിൻവലിച്ചു. ക്രിസ്തുവിന് സമാനമായ രീതിയിൽ തന്നെ ചിത്രീകരിച്ചുകൊണ്ടുള്ള ഒരു ഫോട്ടോയായിരുന്നു അതിൽ. ആശുപത്രിയിൽ കഴിയുന്ന ഒരു രോഗിയുടെ മേൽ കൈകൾ വെച്ച് അനുഗ്രഹിക്കുന്ന ട്രംപിന്റെ കൈകളിൽ നിന്ന് വെളിച്ചം പുറപ്പെടുന്ന രീതിയിലായിരുന്നു എഐ നിർമ്മിതമെന്ന് കരുതുന്ന ഈ ചിത്രം. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലുള്ള ചിത്രീകരണമാണെന്ന് വിമർശനങ്ങൾ ഉയർന്നതോടെയാണ് പോസ്റ്റ് പിൻവലിച്ചത്.
മാർപാപ്പയും ട്രംപും തമ്മിലുള്ള വാക്കുതർക്കത്തിന് ഇറാൻ യുദ്ധത്തെ മാർപാപ്പ ശക്തമായി അപലപിച്ചത് കാരണമായി. മാർപാപ്പയെ 'കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ ദുർബലനാണെന്നും വിദേശനയങ്ങളിൽ ഭീകരനാണെന്നും' ട്രംപ് മുമ്പ് സോഷ്യൽ മീഡിയയിലൂടെ ആരോപിച്ചിരുന്നു. സമാധാനത്തിനായുള്ള വത്തിക്കാന്റെ ഇടപെടലുകൾ തന്നെ ചൊടിപ്പിച്ചതായി ട്രംപ് വ്യക്തമാക്കിയിരുന്നു.
Photo and News Source: Kvartha


