തെന്മല പഞ്ചായത്തിൽ ശക്തമായ കാറ്റും കനത്ത മഴയും ഒരുമിച്ച് ആഞ്ഞടിച്ചു. ഒട്ടേറെ വീടുകളുടെ മേൽക്കൂരകൾ പറന്നുപോയി. മരങ്ങൾ വീണ് 14 വൈദ്യുതതൂണുകൾ തകരുകയും ഗ്രാമീണപാതകളിലെ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു.

തെന്മല കെ.എസ്.ഇ.ബിക്ക് കീഴിലുള്ള മരംവീഴ്ച മൂലം 14 തൂണുകൾ തകരുകയും വൈദ്യുതബന്ധം തടസ്സപ്പെടുകയും ചെയ്തു. ഇടമൺ, ചിറ്റാലംകോട്, വെള്ളിമല, തേവരുകുന്ന്, ആനപെട്ടകോങ്കൽ, ചാലിയക്കര, ഉപ്പുകുഴി തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.

ഇടമൺ ചിറ്റാലംകോട് അഞ്ചാനക്കുഴി ജോർജ് വർഗീസിന്റെ വീടിന്റെ മേൽക്കൂര പൂർണമായും പറന്നുപോയി. ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ടു. ചിറ്റാലംകോട് തടത്തിവിളവീട്ടിൽ ജയയുടെ വീടിന്റെ ആസ്ബസ്റ്റോസ് മേൽക്കൂരയും തകർന്നു. സ്വദേശി പ്രകാശന്റെ വീടിനു മുകളിലേക്ക് തെങ്ങ് വീണു. കുടുംബാംഗങ്ങൾ ഭാഗ്യംകൊണ്ടാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടത്.

ഇടമൺ കമ്പനിക്കടയിൽ മീരാന്റെ വീടിന്റെ മേൽക്കൂരയും പറന്നുപോയി. തേവരുകുന്നിൽ മരംവീണ് സന്തോഷിന്റെ കിണർ ഭാഗികമായി തകർന്നു. പാതയോരത്തുനിന്ന മരങ്ങൾ വൈദ്യുതത്തൂണുകളിൽ വീഴുകയും കമ്പികൾ റോഡിൽ പതിക്കുകയും ചെയ്തു. വാഹനയാത്രികർ അപകടത്തിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. തണ്ണിവളവിൽ സുലൈമാന്റെ വീടിനു മുകളിലേക്ക് റബ്ബർമരം വീണു.

Photo and News Source: Mathrubhumi