ബെംഗളൂരുവിലെ ആദ്യ ഡബിൾ ഡക്കർ മേൽപ്പാലം ബുധാഴ്ച പൂർണമായി ഗതാഗതത്തിനായി തുറന്നു. എച്ച്.എസ്.ആർ. ലേ ഔട്ടിനെയും ജയനഗർ റാഗിഗുഡ്ഡയെയും ബന്ധിപ്പിക്കുന്ന ഈ പാലം പൊതുജനങ്ങൾക്ക് ലഭ്യമാക്കിയത് സൗത്ത് ഈസ്റ്റ് ട്രാഫിക് പോലീസ് ആണ്.
പരീക്ഷണാടിസ്ഥാനത്തിൽ തുറന്ന പാലം ഗതാഗതത്തിന് പൂർണമായും സജ്ജമാണെന്ന് സ്ഥിരീകരിച്ചിരുന്നു. ജൂലൈ 2024-ൽ ഭാഗികമായി തുറന്ന ഈ പാലം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്ഘാടനം ചെയ്തിരുന്നു. 5.12 കിലോമീറ്റർ നീളമുള്ള പാലത്തിന് റാഗിഗുഡ്ഡയിൽനിന്ന് എച്ച്.എസ്.ആർ. ലേ ഔട്ടിലേക്ക് സിഗ്നൽ രഹിത പാതയാണ്.
യാത്രാസമയം 30% കുറയുമെന്ന പ്രതീക്ഷയുണ്ട്. വാഹനത്തിരക്കേറിയ സെൻട്രൽ സിൽക്ക് ബോർഡ് ജങ്ഷനിലെ തിരക്ക് ഒഴിവാക്കാൻ ഈ പാലം സഹായകരമാകും. 449 കോടി രൂപ ചെലവിൽ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ നിർമിച്ച പാലത്തിന്റെ താഴത്തെ നില വാഹനങ്ങൾക്കും മുകളിലെ നില മെട്രോയ്ക്കുമായി ഉപയോഗിക്കും. 8 മീറ്റർ ഉയരമുള്ള താഴത്തെ നിലയും 16 മീറ്റർ ഉയരമുള്ള മുകളിലെ നിലയും ഉൾപ്പെടുന്നു.
Photo and News Source: Mathrubhumi



