ന്യൂയോർക്ക്: നാസയുടെ ക്യൂരിയോസിറ്റി റോവർ ചൊവ്വയിൽ ജീവന്റെ സാന്നിധ്യത്തിനുള്ള സൂചനകൾ കണ്ടെത്തിയതായി പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നു. 2020-ൽ മൗണ്ട് ഷാർപ്പ് മേഖലയിൽ നിന്നെടുത്ത ‘മേരി ആനിംഗ് 3’ എന്ന ശിലയിൽ 21 തരം ജൈവ തന്മാത്രകളെ തിരിച്ചറിഞ്ഞു. ഇവയിൽ ഏഴെണ്ണം ചൊവ്വയിൽ ആദ്യമായി കണ്ടെത്തിയവയാണ്.
ശതകോടി വർഷങ്ങൾക്ക് മുമ്പ് ജലസമൃദ്ധമായിരുന്ന ഈ പ്രദേശം, കളിമണ്ണിലെ ധാതുക്കൾ ജൈവ സംയുക്തങ്ങളെ സംരക്ഷിച്ചു. അതിശക്തമായ വികിരണങ്ങളെ അതിജീവിച്ച് ഇവ നിലനിന്നത് ശാസ്ത്രജ്ഞരെ അത്ഭുതപ്പെടുത്തുന്നു. ജീവന്റെ അടിസ്ഥാനമായ കാർബൺ സംയുക്തങ്ങളാണെങ്കിലും, ഇവയുടെ ഉത്ഭവം ജീവികളിൽ നിന്നാണോ അതോ ഭൗമപ്രക്രിയകളിലൂടെയാണോ എന്ന് ഇപ്പോഴും അജ്ഞാതമാണ്.
ഗവേഷകരെ ഏറെ ആവേശപ്പെടുത്തിയത് നൈട്രജൻ ഹെറ്ററോസൈക്കിൾ തന്മാത്രയാണ്. ഡി.എൻ.എ, ആർ.എൻ.എ രൂപീകരണത്തിന് ആവശ്യമായ ഈ സംയുക്തം ചൊവ്വയിൽ ആദ്യമായി കണ്ടെത്തിയതാണ്. ഇതിലൂടെ ചൊവ്വയുടെ പ്രാചീന ചരിത്രത്തിൽ ജീവനെ പിന്തുണക്കുന്ന രസതന്ത്രം നിലനിന്നിരുന്നെന്ന് സൂചനയുണ്ട്.
Photo and News Source: Janam TV



