തമിഴ്നാട് നിയമസഭയിൽ നടന്ന എംഎൽഎമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ടിവികെ (TVK) മന്ത്രി എസ്. കീർത്തനയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ സാധിച്ചില്ല. ചടങ്ങിൽ പങ്കെടുക്കാനെത്തിയ കീർത്തന, തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന 'സർട്ടിഫിക്കറ്റ് ഓഫ് ഇലക്ഷൻ' (Certificate of Election) ഹാജരാക്കാത്തതാണ് തടസ്സമായത്. മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയായിരുന്നു സംഭവം.
സത്യപ്രതിജ്ഞയ്ക്കായി പോഡിയത്തിനരികിലെത്തിയ കീർത്തനയോട് നിയമസഭ പ്രിൻസിപ്പൽ സെക്രട്ടറി കെ. ശ്രീനിവാസൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, ഇത് കൈവശമില്ലാതിരുന്നതിനാൽ കീർത്തനയ്ക്ക് ഹാജരാക്കാൻ കഴിഞ്ഞില്ല. തുടർന്ന് പ്രിൻസിപ്പൽ സെക്രട്ടറിയുമായി ചർച്ച നടത്തിയെങ്കിലും, സർട്ടിഫിക്കറ്റ് ഹാജരാക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. സർട്ടിഫിക്കറ്റ് ഹാജരാക്കുന്ന മുറയ്ക്ക് ഇവർക്ക് സത്യപ്രതിജ്ഞ ചെയ്യാമെന്ന് അധികൃതർ അറിയിച്ചു.
ശിവകാശി മണ്ഡലത്തിൽ നിന്ന് വിജയിച്ച കീർത്തന, ടിവികെ മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയും ഏക വനിതാ പ്രതിനിധിയുമാണ്. കോൺഗ്രസ് സ്ഥാനാർത്ഥി അശോകൻ ജിയെ 11,670 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കീർത്തന നിയമസഭയിലെത്തിയത്. പടക്ക നിർമ്മാണ കേന്ദ്രമായ ശിവകാശിയിൽ നിന്ന് വിജയിക്കുന്ന ആദ്യ വനിത കൂടിയാണ് ഇവർ. മധുര കാമരാജ് സർവ്വകലാശാലയിൽ നിന്ന് മാത്തമാറ്റിക്സിൽ ബിരുദവും പോണ്ടിച്ചേരി സർവ്വകലാശാലയിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്സിൽ ബിരുദാനന്തര ബിരുദവും കീർത്തന നേടിയിട്ടുണ്ട്.
Photo and News Source: Asianet News










