കുവൈത്തിലേക്ക് തൊഴിൽ, താമസം തുടങ്ങിയ ആവശ്യങ്ങൾക്കായി എത്തുന്ന പ്രവാസികൾക്കുള്ള മെഡിക്കൽ പരിശോധനാ നടപടികൾ കൂടുതൽ ശക്തമാക്കാൻ കുവൈത്ത് ആരോഗ്യമന്ത്രാലയം തീരുമാനിച്ചു. പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും വിദേശത്തെ മെഡിക്കൽ പരിശോധനാ സംവിധാനങ്ങളിൽ സുതാര്യത കൊണ്ടുവരുന്നതിനുമായാണ് പുതിയ പരിഷ്കാരങ്ങൾ നടപ്പിലാക്കുന്നത്. കുവൈത്ത് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ-അവാദി ആണ് ഗൾഫ് സഹകരണ കൗൺസിൽ അംഗീകരിച്ച പരിഷ്കരിച്ച ‘വാഫെഡ്’ (Wafid) പ്രോഗ്രാം നടപ്പിലാക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

54 അനുച്ഛേദങ്ങൾ ഉൾക്കൊള്ളുന്ന പുതിയ മാർഗ്ഗരേഖ പ്രകാരം, വിവിധ സർക്കാർ വകുപ്പുകൾ തമ്മിലുള്ള ഇലക്ട്രോണിക് ഏകോപനം കൂടുതൽ ശക്തമാക്കും. ഇത് മെഡിക്കൽ പരിശോധനാ നടപടികൾ വേഗത്തിലാക്കാനും പിഴവുകൾ ഒഴിവാക്കാനും സഹായിക്കും. വിദേശരാജ്യങ്ങളിലെ അംഗീകൃത മെഡിക്കൽ സെന്ററുകളുടെ പ്രവർത്തനം കർശനമായി നിരീക്ഷിക്കുമെന്നും, അനധികൃത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പരിശോധനകളുടെ നിലവാരവും വിശ്വാസ്യതയും ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ക്ലിനിക്കൽ പരിശോധനകൾ, ലബോറട്ടറി ടെസ്റ്റുകൾ, റേഡിയോളജി പരിശോധനകൾ, പ്രതിരോധ കുത്തിവയ്പ്പുകൾ എന്നിവയ്ക്കുള്ള മാനദണ്ഡങ്ങളും പുതിയ നിയമപ്രകാരം പുതുക്കിയിട്ടുണ്ട്. വിദേശ മെഡിക്കൽ സെന്ററുകൾക്ക് അംഗീകാരം നൽകുന്നതിനും അവയുടെ പ്രവർത്തനം വിലയിരുത്തുന്നതിനും ഇനി കൂടുതൽ കർശനമായ നിബന്ധനകളായിരിക്കും ബാധകമാകുക. വിസ, താമസാനുമതി നടപടികൾ സുഗമമാക്കുന്നതിനായി മെഡിക്കൽ സർട്ടിഫിക്കറ്റുകളുടെ സാധുതയും സാക്ഷ്യപ്പെടുത്തലും സംബന്ധിച്ച വ്യക്തമായ നിർദേശങ്ങളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Photo and News Source: Media Mangalam