ജി.എം. മഹേഷ്ഭാരതീയ ആധ്യാത്മിക നഭസ്സിലെ ആദിശങ്കരാചാര്യർ അദ്വൈത വേദാന്തത്തിന്റെ താത്വിക വ്യാഖ്യാതാവ് മാത്രമായിരുന്നില്ല. ഭക്തിയും തന്ത്രശാസ്ത്രവും മഹിമയെ ജനങ്ങളിലേക്ക് എത്തിച്ച സമന്വയ മൂർത്തിയായിരുന്നു അദ്ദേഹം. മന്ത്ര-തന്ത്ര-യന്ത്ര വിദ്യകളുടെ പരമകാഷ്ഠയായ ശ്രീവിദ്യാ സമ്പ്രദായത്തെ വേദാധിഷ്ഠിതമായി പുനരുദ്ധരിച്ചതിൽ ശങ്കരന് നിസ്തുലമായ പങ്കുണ്ട്.
ആദിശങ്കരന്റെ ദർശനം ‘ബ്രഹ്മം സത്യം ജഗന്മിഥ്യ’ എന്ന നിഷേധത്തിലല്ല അവസാനിക്കുന്നത്. മിഥ്യയെന്ന് തോന്നിപ്പിക്കുന്ന ജഗത്തിന് പിന്നിലെ ചൈതന്യശക്തിയെ ‘ശ്രീവിദ്യ’യായി ദർശിക്കുന്നിടത്താണ് അതിന്റെ പൂർണ്ണത. താന്ത്രിക വീക്ഷണത്തിൽ ശങ്കരൻ ‘സമയാചാര’ പന്ഥാവിലെ മഹാപ്രഭുവാണ്. ബാഹ്യമായ കൗളമാർഗ്ഗങ്ങളിലെ പദാർത്ഥാരാധനയെ ആത്മീയ ഉൾപ്രേരണകളാൽ പരിഷ്കരിച്ച്, ശ്രീചക്രത്തെ മനുഷ്യാത്മാവിന്റെ വികാസഭൂമികയായി പുനഃപ്രതിഷ്ഠിച്ചു.
ഉപനിഷത്തുകളുടെ വെളിച്ചത്തിൽ ചിട്ടപ്പെടുത്തിയ ‘സമയാചാരം’ എന്ന ഉപാസനാ രീതിയാണ് ശങ്കരൻ ഭാരതത്തിന് നൽകിയത്. ശങ്കരന് സംബന്ധിച്ചിടത്തോളം ‘ശിവൻ’ ശുദ്ധബോധവും ‘ശക്തി’ ആ ബോധത്തിന്റെ ചൈതന്യവുമാണ്. ഇവ രണ്ടും രണ്ടല്ല എന്ന സത്യമാണ് അദ്ദേഹം ശ്രീവിദ്യാ ഉപാസനയിലൂടെ പഠിപ്പിച്ചത്. ‘സൗന്ദര്യലഹരി’യുടെ ആദ്യ ശ്ലോകം “ശിവഃ ശക്ത്യാ യുക്തോ യദി ഭവതി ശക്തഃ പ്രഭവ” എന്നാണ്.
Photo and News Source: Janmabhumi



