കേരളത്തിലെ 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ചുള്ള തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ച് മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാര്‍ രംഗത്ത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും വലിയ നേട്ടം കൈവരിച്ചത് ക്രിസ്ത്യന്‍ സമുദായമാണെന്ന് അദ്ദേഹം ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ 140 അംഗ നിയമസഭയില്‍ 18 ശതമാനം മാത്രം ജനസംഖ്യയുള്ള ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് 36 എംഎല്‍എമാര്‍ വിജയിച്ചു വന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതില്‍ 31 പേരും യുഡിഎഫ് മുന്നണിയില്‍ നിന്നുള്ളവരാണ്. മറ്റ് മതസമുദായങ്ങളുടെ പ്രാതിനിധ്യവുമായി താരതമ്യം ചെയ്യുമ്പോള്‍, ക്രിസ്ത്യന്‍ സമുദായത്തിന് 15 ശതമാനത്തിലധികം അധിക നേട്ടം ലഭിച്ചിട്ടുണ്ടെന്ന് സെന്‍കുമാര്‍ അവകാശപ്പെടുന്നു.
കേരളത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ 18 ശതമാനമാണെന്ന ഔദ്യോഗിക കണക്കുകളില്‍ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. ജനന രജിസ്റ്ററുകളില്‍ ഹിന്ദുക്കളായി രേഖപ്പെടുത്തുകയും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ബിഷപ്പുമാരുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന 'ക്രിപ്റ്റോ ക്രിസ്ത്യാനികള്‍' കേരളത്തിലുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഭാഗത്തിന്റെ സാന്നിധ്യം യഥാര്‍ത്ഥ ജനസംഖ്യാ കണക്കുകളെ സ്വാധീനിക്കുന്നുണ്ടാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Photo and News Source: Janmabhumi









