കാലവർഷം മുന്നിൽക്കണ്ട് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ വാർഡുതല മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമായി ആരംഭിച്ചു. പകർച്ചവ്യാധികൾ തടയുന്നതിനും മഴക്കാലത്തെ അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി ഓരോ വാർഡിനും ഒരു ലക്ഷം രൂപ വീതം നഗരസഭ അനുവദിച്ചിട്ടുണ്ട്. ഈ തുക ഉപയോഗിച്ച് തോടുകളും ഓടകളും വൃത്തിയാക്കുന്നതടക്കമുള്ള അടിയന്തര നടപടികളാണ് സ്വീകരിക്കുന്നത്.

നഗരത്തിലെ പ്രധാന ഡ്രെയിനേജ് സംവിധാനമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിൽ നഗരസഭ മുൻകൈ എടുക്കുമ്പോൾ, മൈനർ ഇറിഗേഷൻ വകുപ്പിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തോടിന്റെ ഉത്തരവാദിത്വം ഇരു വിഭാഗങ്ങൾക്കും തുല്യമാണെങ്കിലും ഇറിഗേഷൻ വകുപ്പിന്റെ നിസ്സംഗത വലിയ ആശങ്കയ്ക്ക് വഴിവെക്കുന്നുണ്ട്.

മഴക്കാലത്ത് മരങ്ങൾ കടപുഴകി വീഴുന്നതും വൈദ്യുത ലൈനുകൾ പൊട്ടുന്നതും ഒഴിവാക്കാൻ റോഡരികിലെ അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. കൂടാതെ, സ്ലാബുകളില്ലാത്ത ഓടകൾക്ക് മുകളിൽ താത്കാലിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാനും, കൊതുക് വളരുന്നത് തടയാൻ കെട്ടിക്കിടക്കുന്ന വെള്ളം നീക്കം ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായ സ്ഥലങ്ങളെ 'ഹോട്ട് സ്പോട്ടു'കളായി തിരിച്ചാണ് നിലവിൽ ശുചീകരണം പുരോഗമിക്കുന്നത്. ആമയിഴഞ്ചാൻ തോട്ടിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി ഒരാഴ്ചയായി തുടരുകയാണ്. മഴ കനക്കുന്നതിന് മുൻപ് തോടുകളും ഓടകളും വൃത്തിയാക്കുന്നതിലൂടെ ദുരന്തസാദ്ധ്യത വലിയൊരു പരിധിവരെ കുറയ്ക്കാൻ കഴിയുമെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപൻ വ്യക്തമാക്കി.

Photo and News Source: Kerala Kaumudi Latest