പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പരാജയപ്പെടുത്തി ബിജെപി അധികാരത്തിലേക്ക്. സംസ്ഥാനത്തെ ആദ്യ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് രാവിലെ 11 മണിക്ക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. കൊൽക്കത്തയിലെ ബ്രിഗേഡ് പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവി സത്യവാചകം ചൊല്ലിക്കൊടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ ചേർന്ന എംഎൽഎമാരുടെ യോഗത്തിലാണ് സുവേന്ദു അധികാരിയെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തത്. 294 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 207 സീറ്റുകൾ നേടിയാണ് ബിജെപി ചരിത്രപരമായ വിജയം കൈവരിച്ചത്. പതിറ്റാണ്ടുകളായി തുടർന്നുപോന്ന കോൺഗ്രസ്, ഇടതുപക്ഷ, തൃണമൂൽ ഭരണത്തിന് വിരാമമിട്ടാണ് ബിജെപി അധികാരത്തിലെത്തുന്നത്.
സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ, വിവിധ കേന്ദ്രമന്ത്രിമാർ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. രവീന്ദ്രനാഥ ടാഗോറിന്റെ ജന്മദിനത്തിൽ തന്നെ അധികാരമേൽക്കുന്നത് ഏറെ പ്രാധാന്യത്തോടെയാണ് പാർട്ടി കാണുന്നത്. അടുത്ത നൂറ് വർഷത്തേക്ക് ബംഗാളിനെ ബിജെപി നയിക്കുമെന്നും ജനക്ഷേമകരമായ പ്രവർത്തനങ്ങൾക്കായിരിക്കും മുൻഗണനയെന്നും സുവേന്ദു അധികാരി വ്യക്തമാക്കി.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മമത ബാനർജി പരാജയം സമ്മതിക്കാൻ തയ്യാറാകാതെ നിലപാട് കടുപ്പിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഇതിനിടെ, നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റന്റ് വെടിയേറ്റ് മരിച്ച സംഭവം വലിയ ചർച്ചയായിട്ടുണ്ട്. ക്രമസമാധാന നില ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കാനുള്ള സാധ്യതകളും നിലനിൽക്കുന്നു.
Photo and News Source: Janmabhumi









