ബിഹാറിലെ കതിഹാർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. യാത്രക്കാർക്ക് വിൽക്കുന്ന വെള്ളരിക്കകൾ ഫ്രഷ് ആണെന്ന് തോന്നിപ്പിക്കാൻ പച്ച നിറത്തിലുള്ള രാസലായനിയിൽ മുക്കിയെടുക്കുന്ന സ്ത്രീയുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. പ്ലാറ്റ്‌ഫോമിൽ വെച്ച് യാതൊരു കൂസലുമില്ലാതെയാണ് ഇവർ ഈ പ്രവൃത്തി ചെയ്യുന്നത്.
നാഷണൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പുറത്തുവിട്ട വീഡിയോയിൽ, വിളറിയ നിറത്തിലുള്ള വെള്ളരിക്കകൾ കടും പച്ച നിറത്തിലുള്ള ലായനിയിൽ മുക്കുമ്പോൾ അവ പെട്ടെന്ന് ആകർഷകമായി മാറുന്നത് വ്യക്തമാണ്. യാത്രക്കാർ ആരോഗ്യകരമായ ലഘുഭക്ഷണം എന്ന നിലയിൽ ഇത്തരം വെള്ളരിക്കകൾ വാങ്ങി കഴിക്കാറുണ്ട്. എന്നാൽ, ഇത്തരം കൃത്രിമ നിറങ്ങൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം.
വീഡിയോ വൈറലായതോടെ റെയിൽവേ സുരക്ഷാ സേന (RPF) അടിയന്തരമായി വിഷയത്തിൽ ഇടപെട്ടു. കതിഹാർ ആർ.പി.എഫ് ഇൻസ്പെക്ടർ വിക്രമിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ, വീഡിയോയിലുള്ള സ്ത്രീ ഉൾപ്പെടെ സമാന രീതിയിൽ വിൽപന നടത്തിയിരുന്ന ഒൻപത് പേരെ കസ്റ്റഡിയിലെടുത്തു.
പിടിയിലായ സ്ത്രീ നൽകിയ മൊഴി പ്രകാരം, മധുരപലഹാരങ്ങളിൽ ചേർക്കുന്ന ഫുഡ് കളറാണ് താൻ ഉപയോഗിച്ചതെന്നാണ്. എങ്കിലും, ഉപയോഗിച്ച രാസവസ്തുവിന്റെ കൃത്യമായ ഘടന പരിശോധിക്കുമെന്നും നിയമനടപടികൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലെ ഇത്തരം ഭക്ഷ്യസുരക്ഷാ ലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Photo and News Source: Mathrubhumi










