ഉസ്‌താദിന്റെ വേഷം ധരിച്ച് പള്ളിയിൽ അതിക്രമിച്ചു കയറി മോഷണം നടത്തിയ ആൾ ഒടുവിൽ പിടിയിലായി. കോഴിക്കോട് ബേപ്പൂർ അരക്കിനാട് സ്വദേശി കുപ്പിയിൽ ഷംസുദ്ദീൻ (41) ആണ് അമ്പലവയൽ പൊലീസിന്റെ പിടിയിലായത്. അമ്പലവയൽ-വടുവൻചാൽ പാതയിലുള്ള മഞ്ഞപ്പാറ ജുമാമസ്‌ജിദിലാണ് ഇയാൾ മോഷണം നടത്തിയത്.

പള്ളിയുടെ ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് ഷംസുദ്ദീൻ അകത്തുകടന്നത്. തുടർന്ന് അവിടെയുണ്ടായിരുന്ന 1,60,000 രൂപ ഇയാൾ മോഷ്ടിച്ചു. മോഷണത്തിന് ശേഷം മറ്റൊരു താഴുപയോഗിച്ച് മുറി പൂട്ടി താക്കോൽ സമീപത്ത് തന്നെ ഉപേക്ഷിച്ചാണ് ഇയാൾ സ്ഥലം വിട്ടത്. രാവിലെ പള്ളിയിലെത്തിയ സെക്രട്ടറി മോഷണം നടന്നതായി കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പള്ളിയുടെ പരിസരത്തുള്ള സിസിടിവി ക്യാമറകൾ പരിശോധിച്ചു. ഇതിൽ ഉസ്‌താദിന്റെ വേഷത്തിൽ ഒരാൾ പള്ളിയിലേക്ക് കടന്നുവരുന്നത് വ്യക്തമായി. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടാനായത്. ഇയാൾ മുൻപും സമാനമായ രീതിയിൽ വിവിധ പള്ളികളിൽ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Photo and News Source: Kerala Kaumudi Latest