ബെംഗളൂരുവിൽ മയക്കുമരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് പണം നൽകിയിട്ടും ലഹരിമരുന്ന് ലഭിക്കാത്തതിനെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി നാല് ദിവസത്തോളം ബന്ദിയാക്കി മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ഓമശ്ശേരി മുടൂരിൽ വാടകയ്ക്ക് താമസിച്ചിരുന്ന കൊടുവള്ളി സ്വദേശികളായ ശിഹാബ് (40), അശ്വിൻ (25) എന്നിവരെയാണ് താമരശ്ശേരി പോലീസും ഡൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.

ബെംഗളൂരുവിൽ ട്രാവൽ ഏജൻസി നടത്തുന്ന വയനാട് സ്വദേശി സാജിദിനെയാണ് സംഘം ബന്ദിയാക്കിയത്. സാജിദിന്റെ സുഹൃത്തായ വിമൽ വഴി ലഹരിമരുന്നിനായി നൽകിയ ഒന്നര ലക്ഷം രൂപ തിരികെ ലഭിക്കാത്തതിനെത്തുടർന്നാണ് പ്രതികൾ സാജിദിനെ കോഴിക്കോട്ടേക്ക് തട്ടിക്കൊണ്ടു വന്നത്. മുടൂരിലെ ഒരു ഇരുനില വീടിന്റെ മുകൾഭാഗത്തെ മച്ചിൽ പൂട്ടിയിട്ട് വടിയും കമ്പിയും ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയും ഭക്ഷണം നൽകാതെ പീഡിപ്പിക്കുകയുമായിരുന്നു.

രഹസ്യവിവരത്തെത്തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് സാജിദിനെ രക്ഷപ്പെടുത്തിയത്. മർദനമേറ്റ സാജിദ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതിയായ ശിഹാബ് നേരത്തെയും ലഹരിമരുന്ന് കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള ആളാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Photo and News Source: Mathrubhumi