സമൂഹമാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ച് കാൻസർ രോഗിയാണെന്ന് വ്യാജമായി പ്രചരിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ ഈജിപ്ഷ്യൻ ബ്ലോഗർ ഡോണിയ ഫൗദ് ഒടുവിൽ പോലീസിന് കീഴടങ്ങി. ഗൾഫ് ന്യൂസ് റിപ്പോർട്ട് പ്രകാരം, തനിക്ക് കാൻസർ ഉണ്ടെന്ന് വിശ്വസിപ്പിച്ച് ഫോളോവേഴ്‌സിൽ നിന്ന് നാല് മില്യൺ ഈജിപ്ഷ്യൻ പൗണ്ട്, അതായത് ഏകദേശം 71 ലക്ഷം രൂപയാണ് ഇവർ സമാഹരിച്ചത്.

തനിക്ക് രോഗമൊന്നുമില്ലെന്ന് വൈദ്യപരിശോധനയിൽ തെളിഞ്ഞതോടെയാണ് തട്ടിപ്പ് പുറത്തായത്. സംഭവത്തിൽ അന്വേഷണം ശക്തമാവുകയും ഭർത്താവിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഡോണിയ ഫൗദ് കീഴടങ്ങാൻ തയ്യാറായത്. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ തട്ടിപ്പ് നടത്തിയ കാര്യം അവർ പരസ്യമായി സമ്മതിച്ചു.

"എനിക്ക് മാനസികരോഗമാണ്, ചികിത്സ ആവശ്യമാണ്. ദയവായി എന്നെ സഹായിക്കൂ. എനിക്ക് ശ്രദ്ധ ആവശ്യമുള്ളതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്, ഞാൻ തെറ്റാണെന്ന് സമ്മതിക്കുന്നു, എനിക്ക് സംഭവിക്കുന്നത് ഞാൻ അർഹിക്കുന്നു," എന്നാണ് ഡോണിയ ഫേസ്ബുക്കിൽ കുറിച്ചത്. മറ്റുള്ളവരുടെ ശ്രദ്ധയും സഹാനുഭൂതിയും ലഭിച്ചപ്പോൾ തനിക്ക് മാനസിക ആശ്വാസം ലഭിച്ചിരുന്നതായും അവർ വെളിപ്പെടുത്തി.

നേരത്തെ പലരും തന്നോട് മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് അവഗണിക്കുകയായിരുന്നുവെന്നും അവർ പറഞ്ഞു. എന്നാൽ, പണം നൽകി വഞ്ചിക്കപ്പെട്ടവർ നിയമനടപടികളുമായി മുന്നോട്ട് പോയതോടെയാണ് സംഭവം വലിയ വിവാദമായത്. ഈജിപ്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച ഈ ഓൺലൈൻ തട്ടിപ്പ് കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Photo and News Source: Kerala Online News