കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം കെ. സച്ചിദാനന്ദൻ രാജിവെച്ചു. താൻ എഴുത്തിനും വായനയ്ക്കുമായാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയതെന്നും, ആരോഗ്യപരമായ കാരണങ്ങളും പ്രായവും പരിഗണിച്ചാണ് സ്ഥാനമൊഴിയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ വലതുകൈയും ശ്വാസകോശവും പ്രവർത്തിക്കുന്നിടത്തോളം കാലം എഴുത്ത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹിയിലെ രാഷ്ട്രീയ മാലിന്യവും പരിസ്ഥിതി മലിനീകരണവും കാരണമാണ് താൻ അവിടം വിട്ടതെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കളുടെയും വിദ്യാർഥികളുടെയും നിർബന്ധപ്രകാരമാണ് 2022-ൽ അക്കാദമി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ഒന്നര വർഷമായി താൻ നേരിട്ട ആരോഗ്യപ്രശ്നങ്ങളും പക്ഷാഘാതവും തന്റെ പ്രവർത്തനങ്ങളെ ബാധിച്ചിരുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു.
തുടർഭരണത്തെക്കുറിച്ചുള്ള തന്റെ നിലപാട് അദ്ദേഹം ആവർത്തിച്ചു. ജനാധിപത്യത്തിൽ മാറ്റം അനിവാര്യമാണെന്നും, തുടർഭരണം അധികാരികളിൽ അമിതാധികാര പ്രവണതയുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. "ജനാധിപത്യത്തിന്റെ പൊതുതത്ത്വമാണ് മാറ്റം. തുടർഭരണം വന്നാൽ സ്ഥിരം അധികാരി ആണെന്ന തോന്നലുണ്ടാകും. തുടർഭരണം അതിനാൽ നല്ലതല്ല. കോൺഗ്രസ് തുടർന്നാലും അതു പറയും," സച്ചിദാനന്ദൻ വ്യക്തമാക്കി. താൻ ഒരു രാഷ്ട്രീയ പാർട്ടിയിലും അംഗമല്ലെന്നും, നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് അഭിപ്രായങ്ങൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Photo and News Source: Mathrubhumi










