നിയമസഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് ശേഷം കേരളത്തിലെ കോൺഗ്രസിൽ ഉടലെടുത്ത മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ പ്രവാസി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കടുത്ത ആശങ്കയും നിരാശയും പടരുന്നു. കേരളത്തിലെ സാധാരണക്കാരായ ഭൂരിഭാഗം പ്രവർത്തകരും വി.ഡി. സതീശനെ പിന്തുണയ്ക്കുമ്പോൾ, ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളും സമാനമായ നിലപാടാണ് സ്വീകരിക്കുന്നത്.
ബഹ്‌റൈനിലെ വിവിധ യു.ഡി.എഫ് സംഘടനാ നേതാക്കൾ വി.ഡി. സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെ മാത്രം അഭിപ്രായങ്ങൾ പങ്കുവെച്ചിരുന്ന പ്രവാസികൾ, ഇത്തവണ നേരിട്ട് പ്രതിഷേധ പരിപാടികളുമായി തെരുവിലിറങ്ങിയത് ശ്രദ്ധേയമായി. കോൺഗ്രസ് നേതൃത്വത്തിലെ മാറ്റങ്ങൾക്കും നിലപാടുകൾക്കും എതിരെ പ്രവാസികളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ശക്തമായ പ്രതികരണമാണിത്.
മനാമയിലെ ഇന്ത്യൻ ഡിലൈറ്റിൽ ചേർന്ന യോഗത്തിൽ അനസ് റഹീം, ബ്ലസ്സൻ മാത്യു, ധനേഷ് മുരളി, ജലീൽ മല്ലപ്പള്ളി, ബേസിൽ നെല്ലിമറ്റം, അബ്രഹാം സാമൂവൽ, ഫാസിൽ വട്ടോളി, അലൻ ഐസക്, പ്രൊഫ. ഷെമിലി പി. ജോൺ, മുബീന മൻഷീർ, ലത്തീഫ് കോളിക്കൽ, ഷബീർ മുക്കൻ, ഷംഷാദ് കാക്കൂർ, നവാസ് കുണ്ടറ, അജി പി. ജോയ് തുടങ്ങിയവർ നേതൃത്വം നൽകി. പാർട്ടിയിലെ നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വേണമെന്ന വികാരമാണ് യോഗത്തിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചത്.
Photo and News Source: Mathrubhumi








