കോൺഗ്രസിനുള്ളിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ രാജൻ രംഗത്ത്. കോൺഗ്രസിൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്നും, വരും ദിവസങ്ങളിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്നും ജനങ്ങൾക്ക് ഇതിനകം തന്നെ ബോധ്യപ്പെട്ടുകഴിഞ്ഞുവെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ജനങ്ങൾക്ക് കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടെന്നും, 102 സീറ്റുകൾ നൽകിയ ജനങ്ങൾ തന്നെ ഇതിനെക്കുറിച്ച് തീരുമാനിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആവശ്യമായ തിരുത്തലുകൾ വരുത്തി ഇടതുപക്ഷം കൂടുതൽ കരുത്തോടെ തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

പാണഞ്ചേരി പഞ്ചായത്തിൽ പ്രസിഡണ്ടും ഭരണസമിതി അംഗങ്ങളും തന്നെ സ്വീകരിച്ചതിനെതിരെ ഉയരുന്ന വിവാദങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ഇതിൽ യാതൊരു അസ്വാഭാവികതയുമില്ലെന്നും, വിവാദങ്ങൾ ഉണ്ടാക്കുന്നവർക്ക് ദുഷ്ടലാക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മത്സരിക്കുമ്പോൾ മാത്രമാണ് താൻ ഇടതുപക്ഷ സ്ഥാനാർത്ഥിയെന്നും, വിജയിച്ചു കഴിഞ്ഞാൽ താൻ എല്ലാവരുടെയും ജനപ്രതിനിധിയാണെന്നും കെ രാജൻ വ്യക്തമാക്കി.

Photo and News Source: Kairali News