പുറത്തൂരിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ പത്തുവയസ്സുകാരനായ മുഹമ്മദ് റിഹാൻ മരണപ്പെട്ടതിന് പിന്നാലെ, ആഘാതം താങ്ങാനാവാതെ മുത്തച്ഛനും വിടവാങ്ങി. പുത്തൻ പീടിയേക്കൽ അൻവറിന്റെ മകൻ മുഹമ്മദ് റിഹാന്റെ മരണവാർത്ത അറിഞ്ഞ ഉടൻ തന്നെ പിതാമഹനായ ഹനീഫ (84) ഹൃദയാഘാതം മൂലം തളർന്നുവീഴുകയായിരുന്നു. ബന്ധുക്കൾ ഉടൻ തന്നെ അദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെ എൻ.ഒ.സി. പടി പള്ളിക്ക് സമീപമായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന റിഹാനെ, പുറത്തൂരിൽനിന്ന് തിരൂരിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ബസ് തട്ടി വീണ കുട്ടിയുടെ ശരീരത്തിലൂടെ ചക്രം കയറിയിറങ്ങിയാണ് മരണം സംഭവിച്ചത്.

ഖത്തറിലായിരുന്ന റിഹാന്റെ പിതാവ് അൻവർ വിവരമറിഞ്ഞ് നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ആബിദയാണ് റിഹാന്റെ മാതാവ്. ഹിബ, ഇഷ്‌വ എന്നിവർ സഹോദരങ്ങളാണ്. തിരൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം, വെള്ളിയാഴ്ച പെരുന്തിരുത്തി പഴയ ജുമാ മസ്‌ജിദ് കബറിസ്താനിൽ ഇരുവരുടെയും മൃതദേഹങ്ങൾ കബറടക്കും.

Photo and News Source: Mathrubhumi