കുന്നത്തൂർ നിയമസഭാ മണ്ഡലത്തിലെ പരാജയത്തിൽ വികാരാധീനനായി കോവൂർ കുഞ്ഞുമോൻ. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്താൻ താൻ ഏറെ ആഗ്രഹിച്ച് വാങ്ങിയ കാർ വിൽക്കേണ്ടി വന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ കറുത്ത കാർ വാങ്ങിയപ്പോൾ തനിക്കും അത്തരമൊരു ആഗ്രഹം തോന്നിയെന്നും, ചിട്ടികളിലൂടെയാണ് താൻ കാർ സ്വന്തമാക്കിയതെന്നും അദ്ദേഹം ഓർത്തു.

താൻ എന്നും ജനങ്ങൾക്കൊപ്പം നിന്നയാളാണെന്നും, പരാജയപ്പെട്ടാലും ആ നിലപാടിൽ മാറ്റമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എവിടെയാണോ തുടങ്ങിയത് അവിടെത്തന്നെ തുടരുമെന്ന് പറഞ്ഞ അദ്ദേഹം, കുന്നത്തൂരിലെ വോട്ട് ചോർച്ചയെക്കുറിച്ച് ഗൗരവമായി പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു. മറ്റ് മണ്ഡലങ്ങളിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയ സാഹചര്യമാണ് കുന്നത്തൂരിലേതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂർ 25,314 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഉല്ലാസ് കോവൂർ 81,488 വോട്ടുകൾ നേടിയപ്പോൾ, എൽഡിഎഫ് സ്ഥാനാർത്ഥിയായ കോവൂർ കുഞ്ഞുമോന് 56,174 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. എൻഡിഎ സ്ഥാനാർത്ഥി രാജി പ്രസാദ് 24,841 വോട്ടുകൾ നേടി.

2001 മുതൽ 2021 വരെ കുന്നത്തൂരിനെ പ്രതിനിധീകരിച്ച കോവൂർ കുഞ്ഞുമോൻ, ഇത്തവണ വലിയ പ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങിയത്. എന്നാൽ ഭരണവിരുദ്ധ വികാരവും ആർഎസ്പിയുടെ വോട്ടുകൾ തിരിച്ചുപിടിക്കാനുള്ള യുഡിഎഫിന്റെ നീക്കങ്ങളും ഉല്ലാസ് കോവൂരിന് അനുകൂലമായി മാറുകയായിരുന്നു. കൊല്ലം ജില്ലയിലെ ഏക എസ്‌സി സംവരണ മണ്ഡലമായ കുന്നത്തൂരിന്റെ രാഷ്ട്രീയ ചരിത്രം ആർഎസ്പിയുമായി ചേർന്നുനിൽക്കുന്നതാണ്.

Photo and News Source: Asianet News