സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം കെ. പ്രകാശ് ബാബു രംഗത്ത്. മുന്നണിയിൽ കൃത്യമായ കൂടിയാലോചനകൾ നടത്താതെ സർക്കാർ ഏകപക്ഷീയമായി കൈക്കൊണ്ട തീരുമാനങ്ങൾ വലിയ തിരിച്ചടിയായെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോട് വ്യക്തമാക്കി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധമായ പല നിലപാടുകളും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായെന്നും, അത് തിരുത്താൻ സിപിഐ ആർജവത്തോടെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുന്നണി സർക്കാരിന്റെ പ്രവർത്തനം ഒരു പാർട്ടിയുടെ മാത്രം തീരുമാനങ്ങൾ നടപ്പിലാക്കലല്ലെന്നും, അതിന് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുന്നണിയിൽ ചർച്ച ചെയ്യാതെ ധാരണാപത്രത്തിൽ ഒപ്പിട്ടത് തെറ്റായ നടപടിയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം ഏകപക്ഷീയമായ തീരുമാനങ്ങൾ ഉണ്ടാകുമ്പോൾ സ്വാഭാവികമായും അതിന്റേതായ പ്രതികരണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷ രാഷ്ട്രീയത്തിന് മുൻതൂക്കം നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും പ്രകാശ് ബാബു വിമർശിച്ചു. തിരുത്തേണ്ട സമയത്ത് തിരുത്താൻ പറഞ്ഞിട്ടുണ്ടെന്നും, അതിൽ ഖേദിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുന്നണിയിലെ ചർച്ചകൾ ഒഴിവാക്കി ചിലർ മാത്രം തീരുമാനങ്ങൾ എടുക്കുന്നത് മുന്നണിയുടെ ഐക്യത്തെ ബാധിക്കുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം നൽകുന്നത്. ശിവൻകുട്ടി നേരത്തെ നടത്തിയ പരാമർശങ്ങൾ ശരിവെച്ചുകൊണ്ടാണ് പ്രകാശ് ബാബുവിന്റെ പ്രതികരണം.
Photo and News Source: Mathrubhumi









