ബെംഗളൂരുവിലെ നെലമംഗലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശിയായ സഞ്ജയ് ആണ് തന്റെ ഭാര്യ സോണാലിയെ ആക്രമിക്കാൻ ശ്രമിച്ചത്. സോണാലി വീട്ടിൽ നിന്ന് പുറത്തിറങ്ങിയ സമയത്ത് ഹെൽമെറ്റ് ധരിച്ചെത്തിയ സഞ്ജയ് ബൈക്ക് തടഞ്ഞുനിർത്തി കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സംഭവം കണ്ടുനിന്ന നാട്ടുകാർ ഉടൻ തന്നെ ഇടപെട്ടതിനാലാണ് സോണാലി വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്. നാട്ടുകാർ ചേർന്ന് സഞ്ജയെ തടഞ്ഞുവെക്കുകയും പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. വിവാഹശേഷം ഇവർ ബെംഗളൂരുവിലേക്ക് താമസം മാറുകയായിരുന്നു.
സഞ്ജയ് സ്ഥിരമായി മദ്യപിച്ചെത്തുന്നതിനെ ചൊല്ലി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ നടക്കാറുണ്ടായിരുന്നു. ഇതിനെത്തുടർന്ന് സഞ്ജയ്ക്കൊപ്പം താമസിക്കാൻ സോണാലി വിസമ്മതിച്ചിരുന്നു. ഈ പകയാണ് ഒടുവിൽ വധശ്രമത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Photo and News Source: Siraj Live









