മലപ്പുറം തവനൂരിൽ ഡി വൈ എഫ് ഐ യൂണിറ്റ് പ്രസിഡന്റ് ആബിദ് മുളക്കലിന് നേരെ മുസ്ലിം ലീഗ് പ്രവർത്തകരുടെ നേതൃത്വത്തിൽ ക്രൂരമായ ആക്രമണം. മെയ് നാലിന് തവനൂർ മണ്ഡലത്തിലെ കൈനിക്കരയിൽ വെച്ചാണ് സംഭവം നടന്നത്. യുഡിഎഫ് നടത്തിയ ആഹ്ലാദ പ്രകടനത്തിനിടെ യാതൊരു പ്രകോപനവുമില്ലാതെയാണ് ആബിദിനെ സംഘം ചേർന്ന് മർദിച്ചത്.
ആക്രമണത്തിൽ ആബിദിന്റെ തലയ്ക്കും കൈക്കും വയറിനും ഗുരുതരമായി പരുക്കേറ്റു. സംഭവത്തിൽ മൊയ്‌ദീൻ, നൂറുദ്ധീൻ, മുർഷിദ്, ഫർഹാൻ എന്നീ ലീഗ് പ്രവർത്തകരെ പ്രതിയാക്കി പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബൂത്തിൽ ഉണ്ടായ തർക്കങ്ങളുടെ തുടർച്ചയായാണ് ഈ ആക്രമണം നടന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. മുൻ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Photo and News Source: Kairali News









