എറണാകുളം: കൊച്ചി നഗരത്തിലെ ബഹുനില കെട്ടിടത്തിൽ വച്ച് 24 കാരിയായ ബിരുദധാരി പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. ആൺസുഹൃത്തിന്റെ മുന്നിൽ വെച്ച് കത്തികാട്ടി ഭീഷണിപ്പെടുത്തിയാണ് പ്രതികൾ യുവതിയെ മണിക്കൂറുകളോളം പീഡിപ്പിച്ചത്. ഒടുവിൽ കെട്ടിടത്തിന്റെ പത്താം നിലയിൽ നിന്ന് ഫയർ ഗോവണിയിലൂടെ പൂർണനഗ്നയായി ഇറങ്ങിയോടിയാണ് പെൺകുട്ടി രക്ഷപ്പെട്ടത്.

പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം ഇടവ സ്വദേശി ഡാനിഷ്, കൊല്ലം സ്വദേശി രാഹുൽ എന്നിവരാണ് അറസ്റ്റിലായത്. മൂന്നാം പ്രതി അതുലിന്റെ തിരച്ചിൽ പുരോഗമിക്കുന്നു. സംഭവം നടന്നത് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ റിസർവേഷൻ സെന്ററിന് പിന്നിലെ വിവേകാനന്ദ റോഡിലുള്ള ബ്യൂ മോണ്ടേ ഹോട്ടലിന്റെ പത്താം നിലയിലാണ്. ചൊവ്വാഴ്ച രാത്രി 10 മണിക്കാണ് സംഭവം നടന്നത്.

സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ ജീവനക്കാരിയും ബിരുദധാരിയുമായ യുവതി ആണ് പീഡനത്തിനിരയായത്. ആൺസുഹൃത്തിനൊപ്പം കെട്ടിടത്തിന്റെ മുകളിലേക്ക് പോകുമ്പോൾ പ്രതികൾ സമീപത്തിരുന്ന് മദ്യപിക്കുന്നുണ്ടായിരുന്നു. തുടർന്ന് ഇരുവരോടും പുറകെ പ്രതികളും മുകളിലേക്ക് കയറി. ശാരീരിക ബന്ധത്തിലേർപ്പെടാൻ പെൺകുട്ടിയെ നിർബന്ധിച്ചു. തുടർന്ന് ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു.

ലൈംഗികാതിക്രമത്തിനിടെ പ്രതികളെ തള്ളിമാറ്റി യുവതി ആൺസുഹൃത്തിനൊപ്പം ഓടിയിറങ്ങുകയായിരുന്നു. യുവതി ഹെൽപ്പ് ലൈനിൽ വിളിച്ചതോടെ പോലീസ് എത്തി ഇരുവരെയും സെൻട്രൽ സ്റ്റേഷനിൽ എത്തിച്ചു. മൂന്ന് പ്രതികളെയും യുവതി തിരിച്ചറിഞ്ഞിരുന്നു. സംഭവത്തിന് ശേഷം ബൈക്കിൽ കടന്ന പ്രതികളെ വാഹനത്തിന്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

യുവതി ചികിത്സയിലാണെന്നാണ് വിവരം. പോലീസ് ഉദ്യോഗസ്ഥർ സംഭവത്തെ സംബന്ധിച്ച് അന്വേഷണം നടത്തുന്നതായി അറിയിച്ചിട്ടുണ്ട്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള നടപടികൾ കർശനമാക്കണമെന്നാവശ്യപ്പെടുന്നവരുടെ നിലപാടും ശക്തമാണ്.

Photo and News Source: Janmabhumi