മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ജോൺ എബ്രഹാമിന്റെ കൾട്ട് ക്ലാസിക് ചിത്രം 'അമ്മ അറിയാൻ' കാൻ ഫിലിം ഫെസ്റ്റിവലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം കാനിലെ 'വേൾഡ് ക്ലാസിക്' വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം എന്ന ബഹുമതിയും ഈ സിനിമയ്ക്ക് ലഭിച്ചു. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്ന് വർഷത്തെ പരിശ്രമത്തിനൊടുവിലാണ് ചിത്രം ഡിജിറ്റലായി റീസ്റ്റോർ ചെയ്തത്.
1986-ൽ പുറത്തിറങ്ങിയ ഈ ചിത്രം അന്നുവരെ മലയാളികൾ കണ്ടിരുന്ന സിനിമാ ശൈലികളിൽ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു. 'ഒഡേസ' എന്ന ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ പൊതുജനങ്ങളിൽ നിന്നും പണം സമാഹരിച്ചാണ് ഈ ചിത്രം നിർമ്മിച്ചത്. ജനങ്ങൾ നിർമ്മിച്ച് ജനങ്ങളിലേക്ക് തന്നെ നേരിട്ടെത്തി പ്രദർശിപ്പിച്ച അപൂർവ്വം സിനിമകളിൽ ഒന്നാണിത്. ഡോക്യുമെന്ററിയും ഫിക്ഷനും ഇടകലർന്ന നോൺ-ലീനിയർ ആഖ്യാനരീതിയാണ് ജോൺ എബ്രഹാം ഇതിൽ അവലംബിച്ചത്.
ഒരു മകൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിലൂടെ വികസിക്കുന്ന കഥ, ഒരു സുഹൃത്തിന്റെ മരണവാർത്ത അറിയിക്കാൻ പോകുന്ന യുവാവിന്റെ യാത്രയിലൂടെയാണ് മുന്നോട്ട് പോകുന്നത്. വ്യക്തിപരമായ അനുഭവങ്ങൾക്കപ്പുറം അക്കാലത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെയും പീഡനങ്ങളെയും ചിത്രം കൃത്യമായി അടയാളപ്പെടുത്തുന്നു. മെയ് 16-ന് കാനിലെ ബുനുവൽ തിയേറ്ററിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്.
2001-ൽ ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് എക്കാലത്തെയും മികച്ച പത്ത് ഇന്ത്യൻ സിനിമകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയ ചിത്രം കൂടിയാണ് 'അമ്മ അറിയാൻ'. ശിവേന്ദ്ര സിങ് ദുങ്ഗാർപുറിന്റെ നേതൃത്വത്തിലുള്ള ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷൻ മുൻകാലങ്ങളിൽ ജി. അരവിന്ദന്റെ 'തമ്പ്', സത്യജിത് റേയുടെ 'അരണ്യേർ ദിൻ രാത്' തുടങ്ങിയ ക്ലാസിക് ചിത്രങ്ങളും കാനിൽ എത്തിച്ചിട്ടുണ്ട്. ആ നിരയിലേക്കാണ് ഇപ്പോൾ ജോൺ എബ്രഹാമിന്റെ ഈ മാസ്റ്റർപീസും ഇടംപിടിക്കുന്നത്.
Photo and News Source: Kairali News









