ലൈംഗികാതിക്രമവും സാമ്പത്തിക തട്ടിപ്പും ആരോപിക്കപ്പെട്ട കേസിൽ നടനും ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിന് തിരിച്ചടി. എറണാകുളം ജില്ലാ കോടതിയാണ് താരത്തിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. കേസ് പരിഗണിച്ച കോടതി, ജാമ്യത്തിനായി കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദ്ദേശം നൽകുകയായിരുന്നു.

കോഴിക്കോട് സ്വദേശിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷിയാസ് കരീമിനെതിരെ കേസെടുത്തത്. പ്രണയം നടിച്ച് യുവതിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും, നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്തുവെന്നാണ് പ്രധാന ആരോപണം. 2024 മുതൽ ഇത്തരത്തിൽ ചൂഷണം തുടരുന്നുവെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.

നേരത്തെ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ്, പിന്നീട് കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു. ഈ സാഹചര്യത്തിലാണ് എറണാകുളം ജില്ലാ കോടതി ജാമ്യാപേക്ഷ തള്ളുകയും, നിയമനടപടികൾക്കായി കോഴിക്കോട് കോടതിയെ സമീപിക്കാൻ നിർദ്ദേശിക്കുകയും ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Photo and News Source: Asianet News