വേനൽക്കാലം അവസാനിക്കാറായതോടെ മഴക്കാലത്തെ വരവേൽക്കാൻ തയ്യാറെടുക്കുകയാണ് നമ്മൾ. മഴക്കാലത്ത് ഭക്ഷണസാധനങ്ങൾ, പ്രത്യേകിച്ച് അച്ചാറുകൾ പെട്ടെന്ന് കേടാകാനും പൂപ്പൽ പിടിക്കാനും സാധ്യത കൂടുതലാണ്. എന്നാൽ ചില ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അച്ചാറുകൾ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.
അച്ചാർ സൂക്ഷിക്കുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട കാര്യം അതിനു മുകളിൽ എപ്പോഴും എണ്ണയുടെ ഒരു പാളി ഉണ്ടായിരിക്കണം എന്നതാണ്. കുറഞ്ഞത് ഒരു വിരൽ ഉയരത്തിലെങ്കിലും എണ്ണ നിൽക്കുന്ന രീതിയിൽ വേണം അച്ചാർ സൂക്ഷിക്കാൻ. ഇതിനായി നല്ലെണ്ണ ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം. ഇത് അച്ചാറിലേക്ക് വായു കടക്കുന്നത് തടയുകയും പൂപ്പൽ വരുന്നത് ഒഴിവാക്കുകയും ചെയ്യും.
അച്ചാർ എടുക്കാൻ ഒരിക്കലും നനഞ്ഞ സ്പൂൺ ഉപയോഗിക്കരുത്. ഇത് അച്ചാർ പെട്ടെന്ന് ചീത്തയാകാൻ കാരണമാകും. പൂർണ്ണമായും ഉണങ്ങിയ മരത്തിന്റെയോ സ്റ്റീലിന്റെയോ സ്പൂൺ മാത്രം ഉപയോഗിക്കാൻ ശ്രദ്ധിക്കുക. കൂടാതെ, അച്ചാർ എടുത്ത ശേഷം കുപ്പിയുടെ വശങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്ന അവശിഷ്ടങ്ങൾ ഉണങ്ങിയ തുണി ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കണം. ഇവിടെ നിന്നാണ് പലപ്പോഴും പൂപ്പൽ വളരാൻ തുടങ്ങുന്നത്.
ഉപ്പും വിനാഗിരിയും അച്ചാറിലെ പ്രകൃതിദത്തമായ പ്രിസർവേറ്റീവുകളാണ്. ഇവ കൃത്യമായ അളവിൽ ചേർക്കുന്നത് ബാക്ടീരിയകളെയും പൂപ്പലിനെയും അകറ്റി നിർത്താൻ സഹായിക്കും. പ്ലാസ്റ്റിക് പാത്രങ്ങൾക്ക് പകരം ചില്ല് കുപ്പികളോ ഭരണികളോ ഉപയോഗിക്കുന്നതാണ് അച്ചാറുകൾ സൂക്ഷിക്കാൻ ഏറ്റവും നല്ലത്. കുപ്പിയുടെ അടപ്പ് വായു കടക്കാത്ത രീതിയിൽ ഭദ്രമായി അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Photo and News Source: TV9 Malayalam






