അട്ടപ്പാടി: അട്ടപ്പാടി ശ്രീ പുതൂർ മാരി യമ്മൻ ക്ഷേത്രത്തിലെ അൻപത്തിമൂന്നാം വാർഷിക മഹോൽസവത്തിന്റെ ഭാഗമായി ഏപ്രിൽ 28-ന് (ചൊവ്വാഴ്ച) കൊടിയേറി. പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന ഈ ഉൽസവത്തിന്റെ ഒൻപതാം ദിവസമായ ബുധാഴ്ച പ്രധാന ഉൽസവം നടന്നു. പുതൂർ, തച്ചംപടി, ആലാമരം, ചീരക്കടവ്, മൂലക്കൊമ്പ്, താഴെ ഉമ്മത്താംപടി, മേലേ ഉമ്മത്താംപടി, പട്ടണക്കൽ, ചൂട്ടറ, സ്വർണ്ണഗദ്ദ, ചെമ്പവട്ടക്കാട്, ഭൂതയാർ, ഇടവാണി തുടങ്ങിയ വിവിധ ദേശങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ തീവ്രഭക്തിയുടെ വഴിപാടുകളോടെ ക്ഷേത്രത്തിലെത്തി. കവിളിൽ ശൂലം തറച്ചും, ശരീരത്തിൽ ഇരുമ്പ് കൊളുത്തിയും, രഥം വലിച്ചും, ആണി മെതിയടിയിൽ നടന്നും, പൊങ്കാലയും മാവിളക്കും സമർപ്പിച്ചും ആടിയും പാടിയും അവർ ദർശനത്തിനായി എത്തി. അട്ടപ്പാടി ഉൾപ്പെടെയുള്ള ജില്ലയുടെ മറ്റു ഭാഗങ്ങളിൽ നിന്നും, തമിഴ്‌നാട്ടിൽ നിന്നുമായി ആയിരക്കണക്കിന് ഭക്തർ ദർശനത്തിനായി എത്തി.
ചൊവ്വാഴ്ച വൈകുന്നേരം നടന്ന പോഴൈ മുടി ക്ഷണം, അമ്മൻ ക്ഷണം എന്നിവ കഴിഞ്ഞ് ആലാമരത്ത് വരഗാർ പുഴയിൽ നിന്നുമുള്ള ശക്തി കുംഭം ബുധനാഴ്ച സുപ്രഭാതത്തിൽ ക്ഷേത്രത്തിൽ എത്തിച്ചേർന്നതോടെ അമ്മയുടെ തിരുകല്ല്യാണ ചടങ്ങ് നടന്നു. തുടർന്ന് ഭക്തർ ശയന പ്രദക്ഷിണം നടത്തി. ശേഷം സ്ത്രീകൾ പൊങ്കാലയും മാവിളക്കും എടുത്ത് ദേവിയുടെ അനുഗ്രഹം തേടി. തുടർന്ന് ശൂലം തറച്ചും, രഥം വലിച്ചും ഭക്തർ ദൂരദേശങ്ങളിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്തിതുടങ്ങി. മലയാള ദേശ വേല ഘോഷയാത്രകളും ചേർന്നതോടെ ഈ വർഷത്തെ ഉൽസവം കൂടുതൽ ആകർഷകമായി.
വൈകുന്നേരത്തോടെ പുതൂർ ഭക്തസാഗരമായി. ഉൽസവാരഭത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ ദേവിക്ക് അഭിമുഖമായി സ്ഥാപിച്ചിരുന്ന കമ്പവും പൂവോടും, ശക്തി കുംഭങ്ങളും, മുളപ്പാരിയും വൈകുന്നേരം ഘോഷയാത്രയായി കൊണ്ടുചെന്ന് വരഗാർ പുഴയിലൊഴുക്കി. നാളെ വെള്ളിയാഴ്ച അഭിഷേക പൂജയും കഴിഞ്ഞ് വൈകുന്നേരത്തോടെ ഉൽസവത്തിന് കൊടിയിറങ്ങും. ഉൽസവത്തിന്റെ ഭാഗമായി കഴിഞ്ഞ എട്ടുദിവസം ക്ഷേത്രത്തിൽ അഗ്നി കുംഭ പ്രദക്ഷിണവും, കുംഭം ദേശവേലകളും നടന്നു. എല്ലാ ദിവസവും അന്നദാനം നടന്നു. മെയ് 12-ന് (ചൊവ്വാഴ്ച) നടക്കുന്ന മറുപൂജയോടെ ഈ വാർഷിക മഹോൽസവത്തിന് പൂർണ്ണ സമാപ്തിയാകും.
ഭൂമിയും, വൃക്ഷവും, തൈകളും, മണ്ണും, ജലവും, അഗ്നിയും പൂജിക്കപ്പെടുന്ന പ്രകൃതിയുല്‍സവം എന്നതും, ശിവപാർവ്വതീ പരിണയവും, ഭക്തരുടെ ത്യാഗോജ്ജ്വലമായ വഴിപാടുകളും ഈ ഉൽസവത്തെ ശ്രദ്ധേയമാക്കുന്നു. കേരളത്തിലെ ആദ്യ കരിങ്കൽ നിർമ്മിത മാരിയമ്മൻ ക്ഷേത്രമായ പുതൂർ മാരിയമ്മൻ ക്ഷേത്രം നീണ്ടകാല ഉൽസവം നടക്കുന്നതും, പരമ്പരാഗത കാർഷികോൽസവമായതും ഈ ഉൽസവത്തിന്റെ പ്രത്യേകതയാണ്. മഴയ്ക്കുവേണ്ടിയുള്ള ഭക്തരുടെ പ്രാർത്ഥനയാണ് മാരിയമ്മൻ ഉൽസവം. ഉൽസവം തുടങ്ങിയ ശേഷം മൂന്നോ നാലോ തവണ മഴപെയ്തതിൽ സന്തുഷ്ടരാണ് പുതൂർ മാരിയമ്മൻ ഭക്തർ. അഖിലലോകവും വാണരുളുന്ന പുതൂർ മാരിയമ്മ ലോകത്തിന് ശാന്തിയും സമാധാനവും നൽകുന്നു. ജാതിമത ദേശഭേദമെന്യേ എല്ലാവർക്കും അനുഗ്രഹം വർഷിക്കുകയാണ് ദേവി.
Photo and News Source: Sathyam Online









