കായംകുളം നിയമസഭാ മണ്ഡലത്തിൽ സി.പി.എമ്മിന്റെ ചരിത്രപരമായ കോട്ടയെന്നറിയപ്പെട്ടിരുന്ന പ്രദേശത്ത് യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം. ലിജു ഇക്കുറി ചരിത്രവിജയം നേടിയതോടെ എൽ.ഡി.എഫ് പാർട്ടിയിൽ വൻ അഭ്യന്തര കലഹം പൊട്ടിപ്പുറപ്പെട്ടു. പരാജയത്തെ തുടർന്ന് പ്രാദേശിക നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നതോടെ സി.പി.എമ്മിലെ ആഭ്യന്തര സംഘർഷം തെരുവിലേക്ക് വ്യാപിച്ചു. തോൽവിക്ക് കാരണം പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത പിടിപ്പുകേടും കാലുമാറ്റവുമാണെന്ന് അണികൾ തുറന്നടിച്ചു. സോഷ്യൽ മീഡിയയിൽ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനങ്ങൾ ഉയർന്നുകൊണ്ടിരിക്കുന്നു.
വർഷങ്ങളായി ഇടതുപക്ഷത്തിനൊപ്പം നിലനിന്നിരുന്ന പത്തിയൂർ, ചെട്ടികുളങ്ങര, മുതുകുളം, പുതുപ്പള്ളി എന്നീ പഞ്ചായത്തുകളിൽ പോലും യു.ഡി.എഫ് സ്ഥാനാർത്ഥി ലിജു വ്യക്തമായ ലീഡ് നേടിയത് സി.പി.എമ്മിന്റെ വോട്ടുകൾ യു.ഡി.എഫിലേക്ക് മാറിയതിന്റെ തെളിവാണെന്ന് അണികൾ ചൂണ്ടിക്കാണിക്കുന്നു. ഈ പഞ്ചായത്തുകളിൽ നിന്നുമാത്രം ഏഴായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം എൽ.ഡി.എഫ് നേതൃത്വം നഷ്ടപ്പെട്ടു. കായംകുളം നഗരസഭയിൽ നേരിയ ഭൂരിപക്ഷം നിലനിർത്താനാകുമെന്ന കണക്കുകൂട്ടൽ തെറ്റി. യു.ഡി.എഫ് ഭരിക്കുന്ന രണ്ട് തദ്ദേശ സ്ഥാപനങ്ങൾക്കു പുറമെ, എൽ.ഡി.എഫ് ഭരിക്കുന്ന അഞ്ച് പഞ്ചായത്തുകളിലും ലിജു വൻ ആധിപത്യം പുലർത്തി. കായംകുളം നഗരസഭയിൽ 7,733 വോട്ടുകളും, ഭരണിക്കാവിൽ 2,266, കൃഷ്ണപുരത്ത് 1,649, കണ്ടല്ലൂരിൽ 1,337, ദേവികുളങ്ങരയിൽ 1,018, പത്തിയൂരിൽ 928, ചെട്ടികുളങ്ങരയിൽ 388 എന്നിങ്ങനെയാണ് ലിജുവിന്റെ ലീഡ് നില.
മുൻ സിന്ധിക്കേറ്റ് അംഗവും പാർട്ടി നേതാവുമായ മായ ബാബുജാനും, സി.പി.എം ഏരിയ സെക്രട്ടറി അബിൻഷാക്കും നേതൃത്വത്തിനെതിരെ ആരോപണങ്ങൾ ഉയർന്നുവരുന്നതോടെ, ഇത് യു.ഡി.എഫ് തരംഗമല്ലെന്നും, സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കൾ വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന പ്രതികാര രാഷ്ട്രീയത്തിന്റെ ഫലമാണെന്നും അണികൾ ആക്ഷേപിക്കുന്നു. പാർട്ടി ഏരിയ കമ്മിറ്റിയിലെ രണ്ടോ മൂന്നോ പേർ ഒഴികെ ബാക്കിയെല്ലാവരും ചേർന്നൊരുക്കിയ ആസൂത്രിത ശവക്കുഴിയായിരുന്നു ഈ തിരഞ്ഞെടുപ്പെന്നാണ് സോഷ്യൽ മീഡിയയിലെ ആക്ഷേപം.
സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ കെ.എച്ച്. ബാബുജാൻ, ഏരിയ സെക്രട്ടറി അബിൻഷാ എന്നിവർക്കെതിരെയാണ് അണികൾ പ്രധാനമായും ആരോപണങ്ങൾ ഉയർത്തുന്നത്. പ്രതിഭ വീണ്ടും ജയിച്ചാൽ തങ്ങൾക്ക് ഭാവിയിൽ സീറ്റ് കിട്ടില്ലെന്ന ഭയത്താൽ നേതാക്കൾ പിന്നിൽ നിന്ന് കുത്തുകയായിരുന്നുവെന്നും അണികൾ പരസ്യമായി പറയുന്നു. തിരഞ്ഞെടുപ്പ് ഗോദയിൽ പരസ്യമായി സ്ഥാനാർത്ഥിക്കൊപ്പം ചിരിച്ചുനിന്നവർ തന്നെ സംഘടനയെ നിർജീവമാക്കി തോൽവി ഉറപ്പാക്കിയെന്നും അണികൾ ആരോപിക്കുന്നു. പകുതിയോളം ബൂത്തുകളിൽ കൺവെൻഷനുകൾ നടത്തിയില്ല. 10 വീടുകൾക്ക് ഒരു പാർട്ടി അംഗം എന്ന നിലയിൽ പ്രവർത്തിക്കേണ്ട സ്ക്വാഡ് പ്രവർത്തനങ്ങൾ മിക്കയിടത്തും പേപ്പറിൽ ഒതുങ്ങി.
അനൗൺസ്മെന്റ് വാഹനങ്ങളോ ഫ്ലെക്സ് ബോർഡുകളോ കഴിഞ്ഞ തവണത്തെ പകുതി പോലും ഉണ്ടായിരുന്നില്ല. വോട്ടെടുപ്പ് ദിവസം പല ബൂത്തുകളിലും പോലും സഖാക്കളെ ഇരുത്തിയില്ല. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതും സ്ലിപ്പ് നൽകുന്നതും ബി.എൽ.ഒ മാരുടെ മാത്രം ചുമതലയായി മാറി. ഇത് 20 കൊല്ലം ഇടതുപക്ഷത്തിന്റെ കൈയിലിരുന്ന മണ്ഡലവും, തുടർച്ചയായി ഭരിച്ചിരുന്ന കായംകുളം മുനിസിപ്പാലിറ്റിയും യു.ഡി.എഫിന് ലഭിക്കുന്നതിലേക്ക് നയിച്ചു.
Photo and News Source: Sathyam Online








