ചെന്നൈ: തമിഴ്‌നാട്ടിൽ ടിവികെ സർക്കാരിനായി നിലകൊള്ളാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ, വിജയ് രാജിവയ്ക്കുന്ന മണ്ഡലത്തിൽ തൃഷയെ സ്ഥാനാർത്ഥിയാക്കുന്നതിനുള്ള തീരുമാനം അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന് ടിവികെ വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ നിന്നാണ് വിജയ് വിജയിച്ചത്. 14 ദിവസത്തിനകം വിജയ് രാജിവയ്ക്കേണ്ടി വരുമെന്നാണ് പ്രതീക്ഷ. പെരമ്പൂർ മണ്ഡലം നിലനിർത്തുമെന്ന് വിജയ് വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ വന്നാൽ ഒഴിവാകുന്ന ട്രിച്ചി ഈസ്റ്റ് ഉപതെരഞ്ഞെടുപ്പിൽ തൃഷ മത്സരിക്കുമെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ പാർട്ടിക്ക് ഇത് വലിയ നേട്ടമാകുമെന്ന് പാർട്ടി നേതൃത്വം വിലയിരുത്തുന്നു.

വോട്ടെണ്ണലിന്റെ തുടക്കത്തിൽ ടിവികെ ലീഡ് നേടിയപ്പോൾ തൃഷ വിജയിയുടെ ചെന്നൈ നീലാങ്കരയിലെ വീട്ടിലെത്തിയതും വിജയുമായുള്ള സൗഹൃദവുമാണ് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി തുറന്നത്. തൃഷയ്ക്ക് നിലവിൽ രാഷ്ട്രീയ പശ്ചാത്തലമൊന്നുമില്ലെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമോയെന്നുള്ളത് തമിഴ് രാഷ്ട്രീയത്തിലെ പ്രധാന ചർച്ചാ വിഷയമാണ്. തമിഴ് രാഷ്ട്രീയത്തിൽ സിനിമാ താരങ്ങൾ രംഗപ്രവേശം ചെയ്തിട്ടുണ്ട്. ജയലളിത, ജാനകി രാമചന്ദ്രൻ, ഖുശ്ബു തുടങ്ങിയവർ തമിഴ് രാഷ്ട്രീയത്തിലിറങ്ങിയിട്ടുണ്ട്. ഇതിൽ മുഖ്യമന്ത്രിയായി ദീർഘകാലം തിളങ്ങിയത് ജയലളിതയായിരുന്നു. എം.ജി.രാമചന്ദ്രനുമായുള്ള അടുപ്പമാണ് ജയലളിതയെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചത്. 1967-ൽ കോൺഗ്രസിനെ തോൽപ്പിച്ച് ഡിഎംകെ അധികാരത്തിലെത്തിയതിനുശേഷം, തമിഴ്‌നാട്ടിൽ 2 ദ്രാവിഡ പാർട്ടികളല്ലാതെ മറ്റൊരു പാർട്ടിയും ഭരണത്തിൽ എത്തിയിട്ടില്ല. ഈ ചരിത്രം വിജയ് മാറ്റിയെഴുതി.

2024-ൽ രൂപീകരിച്ച തമിഴക വെട്രി കഴകം പാർട്ടി, നേരിട്ട ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ 234 അംഗ അസംബ്ലിയിൽ 108 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എന്നാൽ, നിയമസഭയിൽ കേവലഭൂരിപക്ഷത്തിന് 10 എംഎൽഎമാരുടെ കുറവാണ് ടിവികെയ്ക്ക് ഉള്ളത്. നിലവിൽ കോൺഗ്രസ് മാത്രമാണ് ടിവികെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. 5 സീറ്റുകളുള്ള കോൺഗ്രസിന്റെ പിന്തുണ ലഭിച്ചാലും കേവലഭൂരിപക്ഷം തികയ്ക്കാൻ ടിവികെയ്ക്ക് ആറുപേരുടെ കൂടി പിന്തുണ വേണ്ടി വരും. രണ്ടാമതെത്തിയ ഡിഎംകെയ്ക്ക് 59 സീറ്റാണുള്ളത്. എഐഎഡിഎംകെ 47 സീറ്റും നേടി.

ഭരണഘടനയിൽ വിശ്വാസമില്ലാത്ത വർഗീയ ശക്തികളെ സഖ്യത്തിനു പുറത്തുനിർത്തുക എന്ന ഉപാധിയിൽ അധിഷ്ഠിതമായാണ് ടിവികെയ്ക്ക് പിന്തുണ നൽകുകയെന്നാണ് തമിഴ്നാട് കോൺഗ്രസ് കമ്മിറ്റി വ്യക്തമാക്കിയത്. അതിനിടെ പട്ടാളി മക്കൾ കട്ചിയിലെ 4 എംഎൽഎമാർ വിജയിയെ വീട്ടിലെത്തി കണ്ടതായും റിപ്പോർട്ടുകളുണ്ട്. ടിവികെയ്ക്ക് പിന്തുണ നല്കണമോ എന്നതിൽ തീരുമാനമെടുക്കാൻ മേയ് 8 വരെ സമയം തരണമെന്ന് ഇടതുപാർട്ടികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഡിഎംകെയോടൊപ്പം തുടരാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം. 234 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിനു 118 പേരുടെ പിന്തുണ വേണം. തമിഴ്നാട്ടിൽ വിജയിന്റെ നേതൃത്വത്തിലുള്ള ടിവികെയ്ക്ക് പിന്തുണ നൽകാനുള്ള കോൺഗ്രസ് തീരുമാനത്തിനെതിരെ ഡിഎംകെ. കോൺഗ്രസ് പിന്നിൽ നിന്ന് കുത്തുന്നവരാണെന്ന് ഡിഎംകെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. കോൺഗ്രസിന് 5 നിയമസഭാ സീറ്റുകളാണുള്ളത്.

Photo and News Source: Samakalika Malayalam