ലോകത്തിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നായ മെക്സിക്കോ സിറ്റി ഭൂമിക്കടിയിലേക്ക് അതിവേഗം താഴ്ന്നുകൊണ്ടിരിക്കുന്നതായി നാസയും ഐഎസ്ആർഒയും സംയുക്തമായി നടത്തിയ പഠനത്തിൽ വെളിപ്പെട്ടു. നിസാർ ഉപഗ്രഹത്തിന്റെ സംയുക്ത സംരംഭമായ ഈ പഠനം, ലോകത്തെ ഏറ്റവും വേഗത്തില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന തലസ്ഥാന നഗരമായി മെക്സിക്കോ സിറ്റിയെ തിരിച്ചറിഞ്ഞു. വര്‍ഷത്തില്‍ ഏകദേശം 25 സെന്റീമീറ്റര്‍ വരെയാണ് ഈ താഴ്ച. ഓരോ മാസവും രണ്ടു സെന്റീമീറ്ററോളം ഭൂമിക്കടിയിലേക്ക് നഗരം താഴുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഈ വാർത്ത ഭീതി പടര്‍ത്തിയിരിക്കുന്നു.
മെക്സിക്കോ സിറ്റി പുരാതന തടാകത്തിന്റെ അടിത്തട്ടില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ഇവിടത്തെ നിലം സ്വാഭാവികമായും മൃദുവാണ്. നഗരത്തിലെ കുടിവെള്ള ആവശ്യങ്ങള്‍ക്കായി ഭൂഗര്‍ഭ ജലം അമിതമായി പമ്പ് ചെയ്യുന്നത് നിലത്തെ കൂടുതല്‍ ദുര്‍ബലമാക്കുന്നു. ഇത് മണ്ണിന്റെ ചുരുങ്ങലിനും ഭൂമി പതുക്കെ താഴുന്നതിനും ഇടയാക്കുന്നു. ലക്ഷക്കണക്കിനു കെട്ടിടങ്ങളും കോടിക്കണക്കിനു ജനങ്ങളും താമസിക്കുന്ന ഈ മെട്രോ നഗരത്തിന് വരാനിരിക്കുന്ന വലിയൊരു ദുരന്തത്തിന്റെ മുന്നറിയിപ്പാണ് ഈ പഠനം. 1920-കളില്‍ തന്നെ ഇത്തരം മാറ്റം ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും, കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ ഈ താഴ്ചയുടെ വേഗത അതിവേഗം വർധിച്ചിട്ടുണ്ട്.
ഭൂമി താഴുന്നതിന്റെ പ്രകടമായ തെളിവാണ് 'ഏഞ്ചല്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സ്' എന്ന സ്മാരകം. 1910-ൽ നിർമ്മിച്ച ഈ സ്മാരകത്തിനു ചുറ്റും 14 പടികളാണ് പുതുതായി നിർമ്മിച്ചിരിക്കുന്നത്. അടിത്തറ പുറത്തുവരാതിരിക്കാനാണ് ഈ നടപടി. മെക്സിക്കോ സിറ്റി നേരിടുന്ന നിലവിലെ പ്രതിസന്ധിയുടെ പ്രധാന കാരണം മണ്ണിന്റെ ഘടനയാണ്. കളിമണ്ണു നിറഞ്ഞ പ്രദേശത്തിനു ഭാരമേറിയ കെട്ടിടങ്ങളെ താങ്ങാനുള്ള ശേഷിയില്ല. 2.2 കോടി ജനസംഖ്യയുള്ള നഗരത്തിനാവശ്യമായ വെള്ളത്തിന്റെ 60 ശതമാനവും ഭൂഗര്‍ഭ ജലസ്രോതസുകളിലൂടെയാണ് ലഭിക്കുന്നത്. ഇത് ഈര്‍പ്പം വർധിപ്പിക്കുകയും മണ്ണിനെ ദുർബലമാക്കുകയും ചെയ്യുന്നു. ജനസംഖ്യ വർധിക്കുന്നതോടെ ഭൂമിക്കുമേലുള്ള ഭാരം കൂടുകയും നഗരം താഴേക്കു പോവുകയും ചെയ്യുന്നു.
നഗരത്തിന്റെ താഴ്ചയുടെ പ്രത്യാഘാതങ്ങള്‍ ദൈനംദിന ജീവിതത്തെ ദുരിതത്തിലാക്കും. റോഡുകള്‍ പിളരുകയും ട്രെയിന്‍ പാളങ്ങള്‍ വളയുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്. കെട്ടിടങ്ങള്‍ ഒരു വശത്തേക്ക് ചരിഞ്ഞു തുടങ്ങുകയും ചെയ്തിരിക്കുന്നു. വിമാനങ്ങളുടെ ലാൻഡിങ്ങിനെ വരെ ഇത് ബാധിച്ചേക്കും. വരും വര്‍ഷങ്ങളില്‍ കടുത്ത വരള്‍ച്ചയും പ്രവചിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി പരിഹരിക്കുവാനുള്ള നടപടികള്‍ അതിവേഗം ആവശ്യമാണെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നൽകുന്നു.
Photo and News Source: Samakalika Malayalam








