കുവൈറ്റിൽ പ്രവർത്തിക്കുന്ന ബ്ലഡ് ഡോണേഴ്‌സ് കേരള (ബിഡികെ) കുവൈത്ത് ചാപ്റ്ററിന്റെ ജനറൽ ബോഡി യോഗം ഓൺലൈനായി സംഘടിപ്പിക്കപ്പെട്ടു. വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളും രക്തദാതാക്കളും പങ്കെടുത്ത ഈ യോഗം, ബിഡികെ കുവൈത്ത് ചാപ്റ്ററിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളുടെ അവതരണത്തോടെയാണ് ആരംഭിച്ചത്. ജനറൽ കൺവീനർ നിമിഷ് കാവാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മീഡിയ കൺവീനർ ജയൻ സദാശിവൻ സ്വാഗതം നടത്തി. യോഗത്തിൽ ജോയിന്റ് കൺവീനർ നളിനാക്ഷൻ ഒളവറ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ സാമ്പത്തിക റിപ്പോർട്ടും, ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ കുമാർ ക്യാമ്പ് റിപ്പോർട്ടും അവതരിപ്പിച്ചു.
ചർച്ചകൾക്ക് ശേഷം എല്ലാ റിപ്പോർട്ടുകളും ഏകകണ്ഠമായി അംഗീകരിക്കപ്പെട്ടു. തുടർന്ന് 2026-2027 കാലയളവിലേക്കുള്ള വര്‍ക്കിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പ് നടന്നു. തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ ഇവരാണ്: ജനറൽ കൺവീനർ - നിമിഷ് കാവാലം, ജോയിന്റ് കൺവീനർ - നളിനാക്ഷൻ ഒളവറ, ഫിനാൻസ് കൺവീനർ - രാജൻ തോട്ടത്തിൽ, എയ്ഞ്ചൽ കൺവീനർ - സോഫി രാജൻ, മീഡിയ കൺവീനർ - ജയൻ സദാശിവൻ, ക്യാമ്പ് കോർഡിനേറ്റർ - പ്രവീൺ കുമാർ.
യോഗത്തിൽ, രക്തദാന ക്യാമ്പുകൾ സുഗമമായി നടത്തുന്നതിനായി വിവിധ മേഖലകളിൽ കോർഡിനേഷൻ ടീമുകളെ രൂപീകരിക്കാനും, ബിഡികെയുടെ പത്താം വാർഷികാഘോഷങ്ങൾ ആസൂത്രണം ചെയ്യാനും തീരുമാനിച്ചു. ആഗസ്റ്റ് 15-ന് ഡിജിറ്റൽ മാഗസിൻ പുറത്തിറക്കാനും, എയ്ഞ്ചൽ വിംഗിന്റെ പ്രവർത്തനം ശക്തിപ്പെടുത്താനും, സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾ വിപുലീകരിക്കാനും യോഗം തീരുമാനിച്ചു.
ബിഡികെ സ്റ്റേറ്റ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് നബീൽ ബാബു, വൈസ് പ്രസിഡന്റ് ഫൈസൽ ചാലാട്, യുഎഇ ചാപ്റ്റർ പ്രസിഡന്റ് പ്രയാഗ് പേരാമ്പ്ര, ബിഡികെ കുവൈത്ത് ചാപ്റ്റർ സ്ഥാപകൻ രഘുബാല്, സീനിയർ അംഗം മനോജ് മാവേലിക്കര എന്നിവർ യോഗത്തിന് ആശംസകൾ അറിയിച്ചു. എയ്ഞ്ചൽ വിംഗ് കൺവീനർ സോഫി രാജന്റെ നന്ദിപ്രകടനത്തോടെ യോഗം സമാപിച്ചു.
വിവിധ സംഘടനകളുടെ സഹകരണത്തോടെ ബിഡികെ കുവൈത്ത് ചാപ്റ്റർ രക്തദാന പ്രവർത്തനങ്ങൾ ശക്തമായി തുടരുന്നു. രക്തദാനം ചെയ്യാൻ താല്പര്യമുള്ളവർക്ക്, ക്യാമ്പുകൾ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾക്ക് 6999 7588 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Photo and News Source: Sathyam Online










