കൊച്ചി മെട്രോയുടെ വികസന പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ്. നഗര ഗതാഗതത്തിലെ നാഴികക്കല്ലായി മാറിയ ഈ പദ്ധതി, രണ്ടാം ഘട്ടത്തിന്റെ നിർമ്മാണവും യാത്രക്കാരുടെ എണ്ണവർദ്ധനയും കൊണ്ടു മുന്നേറുകയാണ്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) ഡിസംബറോടെ രണ്ടാം ഘട്ടത്തിന്റെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാനുള്ള ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നുണ്ട്. ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള പിങ്ക് ലൈനിന്റെ നിർമ്മാണം വളരെ വേഗത്തിലാണ്. ആകെ 2028 പൈലുകളിൽ 1733 എണ്ണം ഇതിനകം പൂർത്തിയായതായി KMRL ഉദ്യോഗസ്ഥൻ ധനം ഓണ്‌ലൈനോട് പറഞ്ഞു. ട്രാക്കിനായി 1659 പൈലുകളിൽ 1364 എണ്ണവും, സ്റ്റേഷനുകൾക്കായി 369 പൈലുകളും പൂർത്തിയായി. 470 പൈൽ ക്യാപ്പുകളിൽ 355 എണ്ണവും, 470 തൂണുകളിൽ 280 എണ്ണവും, 144 പിയർ ക്യാപ്പുകളും സ്ഥാപിച്ചു കഴിഞ്ഞു. 172 ഗിർഡറുകൾ സ്ഥാപിച്ചതോടെ ഏകദേശം 2-3 കിലോമീറ്റർ ദൂരം പാലം സജ്ജമായിട്ടുണ്ട്. 2027 വേനൽക്കാലത്തോടെ പാത പ്രവർത്തനക്ഷമമാക്കാനുള്ള ലക്ഷ്യത്തോടെ, 2026 ഡിസംബറോടെ സിവിൽ, ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

മൂന്നാം ഘട്ടമായ കൊച്ചി എയർപോർട്ട് വഴി അങ്കമാലിയിലേക്കുള്ള മെട്രോ നീട്ടൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (DPR) തയാറാക്കുന്ന നടപടികൾ അവസാന ഘട്ടത്തിലാണ്. യാത്രക്കാരുടെ എണ്ണം 2025-26 സാമ്പത്തിക വർഷത്തിൽ 13.75 ലക്ഷം അധികമായി 3.68 കോടിയായി ഉയർന്നു. യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതിനുള്ള പ്രധാന കാരണങ്ങൾ വിശ്വാസ്യത, സമയക്രമം, ഫീഡർ സർവീസുകൾ, ആനുകൂല്യങ്ങൾ എന്നിവയാണ്. റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി വേഗത്തിലും സുരക്ഷിതമായും യാത്ര ചെയ്യാനുള്ള സാധ്യത, ഫെബ്രുവരി 15 മുതൽ സർവീസുകൾ രാത്രി 11 മണി വരെ നീട്ടിയത്, ഇ-ഫീഡർ ബസുകളുടെ പ്രവർത്തനം, ക്യുആർ ടിക്കറ്റുകളിലെ 10-15% ഇളവുകൾ എന്നിവ യാത്രക്കാരെ ആകർഷിച്ചു. നിലവിൽ 15 ഇ-ബസുകളിലായി ആറ് റൂട്ടുകളിൽ ഓടുന്ന ഫീഡർ ശൃംഖലയിലേക്ക് 15-17 പുതിയ ഇലക്ട്രിക്കൽ ബസുകൾ വാങ്ങാനുള്ള ആലോചനയിലാണ് KMRL. ആലുവ-സിയാല് (CIAL) കോറിഡോർ, മെഡിക്കൽ കോളേജ് റൂട്ട് എന്നിവിടങ്ങളിലാണ് കൂടുതൽ യാത്രക്കാരുള്ളത്. 'സെമി നെയിമിംഗ്' ഉൾപ്പെടെയുള്ള പരസ്യങ്ങളിലൂടെ KMRL നല്ല വരുമാനം നേടുന്നു. അടുത്തിടെ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് KMRL ഉദ്യോഗസ്ഥർ അറിയിച്ചു.

Photo and News Source: Dhanam