അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും മൂലം എട്ട് വർഷത്തെ യുഎസ് ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് മടങ്ങാൻ തീരുമാനിച്ച 36 വയസ്സുള്ള ഒരു ഐടി ജീവനക്കാരൻ തന്റെ അനുഭവങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. റെഡ്ഡിറ്റിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഈ വിവരം പുറത്തുവിട്ടത്. ഏഴ് വർഷത്തെ പ്രവൃത്തിപരിചയമുള്ള അദ്ദേഹം, നിലവിലെ സമ്മർദ്ദം നിറഞ്ഞ തൊഴിൽ സാഹചര്യങ്ങളും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് വെളിപ്പെടുത്തുന്നു. പ്രവാസി ഇന്ത്യക്കാർക്കിടയിൽ വർദ്ധിച്ചുവരുന്ന അസംതൃപ്തിയുടെ മറ്റൊരു വെളിപ്പെടുത്തലായി ഈ കുറിപ്പ് മാറിയിരിക്കുന്നു.
കടുത്ത സമ്മർദ്ദം തന്റെ ജീവിതത്തെ ദുസ്സഹമാക്കിയതായി അദ്ദേഹം കുറിച്ചു. "തുടക്കത്തിൽ കാര്യങ്ങൾ നന്നായി പോയിരുന്നുവെങ്കിലും കഴിഞ്ഞ വർഷം മുതൽ എല്ലാം മാറിമറിഞ്ഞു. മാനേജ്‌മെന്റിന്റെ മോശം സമീപനം, Artificial Intelligence (AI) മേഖലയിലുണ്ടായ മാറ്റങ്ങൾ മൂലമുള്ള കടുത്ത സമ്മർദ്ദം, ഓഫീസിലെ രാഷ്ട്രീയക്കളികൾ എന്നിവ ജീവിതം ദുസ്സഹമാക്കി," അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ പോലും ശരിയായ വൈകാരിക പിന്തുണ ലഭിച്ചിട്ടില്ലെന്നും ഒറ്റയ്ക്കുള്ള ഈ പോരാട്ടം ഇനി തുടരാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. തന്റെ ആരോഗ്യനിലയെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഏറെ ഗൗരവമുള്ളതായിരുന്നു. "സ്കൂൾ കാലഘട്ടം മുതൽ ഇന്ത്യയിലെയും യുഎസിലെയും ജോലി വരെ, എല്ലായിടത്തും ഒറ്റയ്ക്കായിരുന്നു പോരാട്ടം. ഇപ്പോൾ എനിക്ക് അതിനുള്ള കരുത്തില്ല. കഴിഞ്ഞ വർഷം മുതൽ രക്തസമ്മർദ്ദത്തിനും വിഷാദരോഗത്തിനുമുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ഓരോ ദിവസം ജോലി തുടങ്ങുമ്പോഴും എനിക്ക് സ്ട്രോക്ക് വരുമോയെന്ന് ഞാൻ ഭയപ്പെടുന്നു. സാങ്കേതിക വിദ്യയോടുള്ള താൽപ്പര്യം പോലും എനിക്കിപ്പോൾ നഷ്ടമായിക്കഴിഞ്ഞു."
കുറഞ്ഞ ശമ്പളമാണെങ്കിലും സമാധാനപരമായ അന്തരീക്ഷമുള്ള ഒരു ജോലി ഇന്ത്യയിൽ കണ്ടെത്താനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്. താൻ പൂർണ്ണമായും തളർന്നുപോയെന്നും എങ്ങോട്ട് പോകണമെന്നറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി പേർ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തെത്തി. പ്രിയപ്പെട്ടവർക്കരികിലേക്ക് മടങ്ങുന്നത് ഒരിക്കലും മോശം തീരുമാനമല്ലെന്നും, സ്വന്തം ആരോഗ്യത്തിനാണ് മുൻഗണന നൽകേണ്ടതെന്നും നിരവധി പേർ അഭിപ്രായപ്പെട്ടു. "കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നതും വ്യായാമം ചെയ്യുന്നതും മാനസികാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. സമ്പാദ്യത്തേക്കാൾ പ്രധാനം സ്വന്തം ജീവനാണ്," എന്നായിരുന്നു ഭൂരിഭാഗം പേരുടെയും പ്രതികരണം.
Photo and News Source: Kerala Online News










