ആലപ്പുഴ: യുഡിഎഫിനെ എതിര്‍ക്കുമെന്ന് പ്രഖ്യാപിക്കുന്ന സിപിഎം കാസര്‍കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപിയെ പരാജയപ്പെടുത്തി മുസ്ലിം ലീഗിനെ സഹായിച്ചതായി മുന്‍ മന്ത്രിയും അമ്പലപ്പുഴയിലെ നിയുക്ത എംഎല്‍എയുമായ ജി. സുധാകരന്‍ ആരോപിച്ചു. കാസര്‍കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളിലും ബിജെപി പരാജയപ്പെടുന്നതിന് സിപിഎം മുസ്ലിം ലീഗിനെ പിന്തുണച്ചതാണെന്നും അദ്ദേഹം പറഞ്ഞു. "പറയുന്നതിന് വിരുദ്ധമായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. ആശയവൈരുദ്ധ്യങ്ങളുടെ കലവറയാണ് ഇന്ന് സിപിഎം" എന്നും സുധാകരന്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

രാഷ്ട്രീയമില്ലാതെ ആരെയും ആക്ഷേപിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ജനങ്ങള്‍ വോട്ടുചെയ്യുമോ എന്ന് ചോദിച്ച സുധാകരന്‍, "ഇങ്ങനെ പറയാന്‍ പാടില്ല എന്ന് സിപിഎമ്മിന് പറഞ്ഞുകൊടുക്കാന്‍ ഇന്നാരെങ്കിലും കേരളത്തിലുണ്ടോ? ഞാന്‍ സിപിഎമ്മില്‍ പ്രവര്‍ത്തിച്ചപ്പോള്‍ പാര്‍ട്ടി ഇങ്ങനെയൊന്നുമായിരുന്നില്ല. നാലഞ്ച് വര്‍ഷം മുമ്പുവരെയും ഇങ്ങനെയായിരുന്നില്ല. സിപിഎം ഇപ്പോള്‍ സിപിഎം അല്ലാതായി. അതുകൊണ്ടാണ് പാര്‍ട്ടിവിട്ടത്" എന്നും അഭിപ്രായപ്പെട്ടു.

കൊടിയും ചിഹ്നവും പ്രസംഗവും മാത്രമേ ഇന്നത്തെ സിപിഎമ്മിന് ഉള്ളൂ എന്ന് വിമര്‍ശിച്ച അദ്ദേഹം, "എനിക്കിനി സിപിഎമ്മിലേക്ക് തിരിച്ചുപോകേണ്ട ആവശ്യമില്ല. നേതൃത്വം ഈ പാര്‍ട്ടിയെ ആറടിമണ്ണില്‍ താഴ്‌ത്തും. പിണറായി വിജയന്‍ സിപിഎമ്മിനെ നയിക്കുന്നത് പാര്‍ട്ടിയുടെ വഴിയിലൂടെയല്ല. തനിക്കെതിരെ പിണറായി വിജയന്‍ നടത്തിയ ചെറ്റ പ്രയോഗം പ്രത്യയശാസ്ത്ര ദാരിദ്ര്യമാണ്" എന്നും പറഞ്ഞു.

എല്ലാ ഘടകങ്ങളും തനിക്കനുകൂലമായിരുന്നിട്ടും, സമുദായ, രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനങ്ങള്‍ തന്നെ പിന്തുണച്ചതായി മനസിലാക്കിയ സുധാകരന്‍, "ജനകീയ സ്വതന്ത്രനായി ഞാന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. ആരോടും ഞാന്‍ ആലോചിച്ചില്ല. ആശയപരമായി നേതൃത്വം നല്‍കാന്‍ ഇന്ന് സിപിഎമ്മില്‍ ആരുമില്ല. ഇഎംഎസിന്റെ കാലത്തൊക്കെ എതിരാളികളോട് പ്രത്യയശാസ്ത്രപരമായ ഏറ്റുമുട്ടലുകള്‍ നടത്തുമായിരുന്നു. പ്രത്യയശാസ്ത്ര ദാരിദ്ര്യമാണ് ഇന്ന് സിപിഎം നേരിടുന്നത്" എന്നും അഭിപ്രായപ്പെട്ടു.

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് ആകുമോയെന്നത് അവരുടെ കാര്യമാണെന്നും സുധാകരന്‍ പ്രതികരിച്ചു.

Photo and News Source: Janmabhumi