റീചാർജ് ചെയ്യേണ്ട മൊബൈൽ നമ്പർ തെറ്റി പോയാൽ പണം നഷ്ടപ്പെടുമെന്ന ആശങ്ക പലർക്കും ഉണ്ട്. പ്രത്യേകിച്ചും വലിയ തുകയ്ക്കുള്ള റീചാർജ് പ്ലാനുകൾ ചെയ്യുന്നവർക്ക് ഇത് വലിയ നിരാശയാണ്. ഇത്തരം സാഹചര്യങ്ങളിൽ പണം തിരികെ ലഭിക്കുമെന്ന് റിലയൻസ് ജിയോ പ്രഖ്യാപിച്ചിരിക്കുന്നു. തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്താലും ചെലവായ തുക റീഫണ്ടായി തിരികെ ലഭിക്കുമെന്ന് ജിയോ അറിയിച്ചിരിക്കുന്നു. പരിമിതമായ സമയത്തിനുള്ളിൽ മൈജിയോ ആപ്പിലൂടെ ഉപഭോക്താക്കൾക്ക് റീഫണ്ട് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കാമെന്നാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യക്തമാക്കിയിരിക്കുന്നത്.
ജിയോ ഉപഭോക്താക്കൾക്ക് ഇനി റീചാർജ് ചെയ്ത നമ്പരിന്റെ ഉടമയെ തേടി അലയേണ്ട ആവശ്യമില്ല. റീചാർജ് ചെയ്ത മൂന്ന് മണിക്കൂറിനുള്ളിൽ റീഫണ്ടിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ജിയോ വ്യക്തമാക്കിയിരിക്കുന്നു. ഈ സവിശേഷത മൈജിയോ ആപ്പിലൂടെയാണ് സാധ്യമാകുന്നത്. പേടിഎം, ഫോൺപേ പോലുള്ള മൂന്നാം കക്ഷി സേവനങ്ങളിലൂടെ റീചാർജ് ചെയ്താൽ ഈ സവിശേഷത ലഭിക്കില്ല. അതിനാൽ റീചാർജ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്.
മൈജിയോ ആപ്പിലൂടെ റീഫണ്ട് നേടുന്നതിനുള്ള നടപടികൾ താഴെ കൊടുക്കുന്നു. ആദ്യം, മൈജിയോ ആപ്പ് തുറന്ന് ലോഗിൻ ചെയ്യുക. തുടർന്ന്, നിങ്ങളുടെ ട്രാൻസാക്ഷൻ ഹിസ്റ്ററിയിലേക്ക് പോകുക. അവിടെ നിന്ന് സമീപകാല ഇടപാടുകളിൽ തെറ്റായ റീചാർജ് കണ്ടെത്തുക. തുടർന്ന്, 'പ്ലാൻ റദ്ദാക്കുക' എന്ന ഓപ്ഷൻ ടാപ്പ് ചെയ്യുക. ഈ ഓപ്ഷൻ റീചാർജ് ചെയ്തതിനുശേഷം പരിമിതമായ സമയത്തേക്ക് മാത്രമേ കാണാൻ കഴിയൂ.
തുടർന്ന്, നിങ്ങൾ റദ്ദാക്കുന്ന കാരണം കൃത്യമായി തിരഞ്ഞെടുക്കുക. അവസാനമായി, റീഫണ്ടിനായി നിങ്ങൾ ആഗ്രഹിക്കുന്ന രീതി തിരഞ്ഞെടുക്കുക. അഭ്യർത്ഥന സമർപ്പിക്കുക. ഈ പ്രക്രിയ പൂർത്തിയാക്കിയ ശേഷം, നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം തിരികെ എത്തും. അതിനാൽ, തെറ്റായ നമ്പറിലേക്ക് റീചാർജ് ചെയ്താലും പണത്തിന് നഷ്ടമില്ലെന്ന് ജിയോ ഉറപ്പുനൽകുന്നു.
Photo and News Source: Kairali News










