തെലുങ്ക് താരമായ നിഖിലിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ”വിലെ ആദ്യ ഗാനമായ “വാ വാ വീരവ” ഇപ്പോൾ യൂട്യൂബിലും സോഷ്യൽ മീഡിയയിലും തരംഗമായി. അഞ്ചു ഭാഷകളിലായി പുറത്തിറങ്ങിയ ഈ ഗാനം 10 മില്യണിലധികം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. യോദ്ധാക്കളുടെ വീര്യവും ആവേശവും പ്രതിഫലിപ്പിക്കുന്ന ഈ ഗാനത്തിന്റെ സംഗീതം രവി ബസ്രൂരും, മലയാളം വരികൾ രാജീവ് ഗോവിന്ദനും ഒരുക്കിയിരിക്കുന്നു.

രവി ബസ്രൂരുടെ സംഗീതത്തിൽ അർജുൻ വിജയ് ആലപിച്ച ഈ ഗാനം തെലുങ്കിൽ ‘രാ രാ ധീരവാ’, ഹിന്ദിയിൽ ‘ആജാ ധീരവാ’, തമിഴിൽ ‘വാ വാ ധീരവാ’, കന്നഡയിൽ ‘ബാ ബാ ധീരവാ’ എന്നിങ്ങനെ വിവിധ ഭാഷകളിൽ പ്രത്യക്ഷപ്പെടുന്നു. നിഖിലിന്റെ ഗംഭീര നൃത്തവും വിജയ് ബിന്നിയുടെ നൃത്ത സംവിധാനവും ഗാനത്തിന് മികച്ച ശ്രദ്ധ നേടിയിരിക്കുന്നു.

ചിത്രത്തിന്റെ ആദ്യ ടീസർ മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. 985 എ.ഡി.യുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ ചരിത്രത്തെയും പുരാണത്തെയും സംയോജിപ്പിച്ച് മെഗാ കാൻവാസിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ ഭുവനും ശ്രീകറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ടാഗോർ മധു ചിത്രം അവതരിപ്പിക്കുന്നു.

Photo and News Source: Janmabhumi