തിരുവനന്തപുരം: “ഞങ്ങള്‍ ഇനി ഈ നാടിന്റെ പ്രധാന സേവകരാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഞങ്ങളുടെ വഴികാട്ടി. ബിജെപിയില്‍ നിന്ന് മൂന്നു പേര്‍ ജയിച്ചെങ്കിലും ഞങ്ങള്‍ മൂന്നു പേര്‍ ഇനി മുപ്പതുപേരുടെ കരുത്തില്‍ പ്രവര്‍ത്തിക്കും. വികസനത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കും…”

നിയമസഭയിലേക്ക് ബിജെപി വിജയികളായ വി. മുരളീധരന്‍, രാജീവ് ചന്ദ്രശേഖര്‍, ബി.ബി. ഗോപകുമാര്‍ എന്നിവര്‍ ഉറച്ച ശബ്ദത്തില്‍ പ്രസ്താവിച്ചു. ബിജെപി സംസ്ഥാന ആസ്ഥാനത്തെ ഓഡിറ്റോറിയത്തില്‍ നിയുക്ത നിയമസഭാ സാമാജികര്‍ക്കുള്ള സ്വീകരണച്ചടങ്ങിലായിരുന്നു ഇത്. നിറഞ്ഞ സദസ്സില്‍ അഭിമാനത്തിന്റെ കരഘോഷം മുഴങ്ങി. ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍, “ഞങ്ങളുടെ രാഷ്ട്രീയം വികസനത്തിന്റെതാണ്. അഴിമതി നടത്താന്‍ കോണ്‍ഗ്രസിനെ അനുവദിക്കില്ല” എന്നു പ്രസ്താവിച്ചു.

ഒരു മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്, “നിങ്ങള്‍ മൂന്ന് എംഎല്‍എമാരല്ലേ ഉള്ളൂ? അവര്‍ 100 പേര്‍ ഇല്ലേ?” എന്നായിരുന്നു. അതിനു മറുപടിയായി രാജീവ് ചന്ദ്രശേഖര്‍, “ഈ മൂന്നുപേര്‍ മതി നൂറുപേരെ നോക്കാനും അവരെ നേരായ വഴിക്ക് നടത്തിക്കാനും. കാരണം ഇത് നരേന്ദ്ര മോദിയുടെ, എന്‍ഡിഎയുടെ മൂന്ന് എംഎല്‍എമാരാണ്” എന്നു പറഞ്ഞു. കേരളത്തിന്റെ ജനങ്ങള്‍ നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങള്‍ ഉൾപ്പെടെയുള്ള കാര്യങ്ങള്‍ നിയമസഭയില്‍ ഉന്നയിക്കുമെന്ന് വി. മുരളീധരന്‍ ഉറപ്പിച്ചു.

സാധാരണ ജീവിത പശ്ചാത്തലത്തില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് ഉയരാന്‍ സഹായിച്ചത് ചാത്തന്നൂരിലെ ജനങ്ങളാണെന്ന് ബി.ബി. ഗോപകുമാര്‍ പറഞ്ഞു. “എന്റെ വിജയം ഞാന്‍ ചാത്തന്നൂരിലെ പ്രബുദ്ധ ജനതയ്‌ക്ക് സമര്‍പ്പിക്കുന്നു. തങ്ങള്‍ മൂന്ന് എംഎല്‍എമാരും കേരള നിയമസഭയില്‍ നരേന്ദ്ര മോദിയുടെ ശബ്ദമായി മാറുമെന്നും” അദ്ദേഹം പ്രസ്താവിച്ചു.

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, ആലപ്പുഴ മേഖല സെക്രട്ടറി എന്‍. ഹരി, തമ്പാനൂര്‍ സതീഷ് എന്നിവരും നിരവധി ബിജെപി പ്രവര്‍ത്തകരും മാരാര്‍ജി ഭവനുമുന്നില്‍ വിജയികളെ സ്വീകരിച്ചു. രാജീവ് ചന്ദ്രശേഖര്‍, വി. മുരളീധരന്‍, ബി.ബി. ഗോപകുമാര്‍ എന്നിവരെ കിരീടം ചൂടിച്ച് ഹാരം അണിയിച്ചു. നിരവധി പ്രവര്‍ത്തകരും നേതാക്കളും എംഎല്‍എമാരെ പൊന്നാടകള്‍ അണിയിച്ചു.

ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ. സോമന്‍, ആര്‍. ശ്രീലേഖ, അബ്ദുള്‍ സലാം, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, അഡ്വ. എസ്. സുരേഷ്, അനൂപ് ആന്റണി, എന്‍ഡിഎ വൈസ് ചെയര്‍മാന്‍ എ.എന്‍. രാധാകൃഷ്ണന്‍, ഡെപ്യൂട്ടി മേയര്‍ ജി.എസ്. ആശാനാഥ്, അഡ്വ. ജെ.ആര്‍. പത്മകുമാര്‍, സംസ്ഥാന സെക്രട്ടറിമാരായ പൂന്തുറ ശ്രീകുമാര്‍, അശോകന്‍ കുളനട, എം.പി. അഞ്ജന, ആലപ്പുഴ മേഖല പ്രസിഡന്റ് എന്‍. ഹരി, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, സൗത്ത് ജില്ലാ പ്രസിഡന്റ് മുക്കംപാലമൂട് ബിജു, നോര്‍ത്ത് ജില്ലാ പ്രസിഡന്റ് റെജികുമാര്‍, കൊല്ലം ജില്ലാ പ്രസിഡന്റ് പ്രശാന്ത്, യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, പാപ്പനംകോട് സജി, യുവരാജ് ഗോകുല്‍ തുടങ്ങിയവര്‍ എംഎല്‍എമാരെ സ്വീകരിച്ചു.

Photo and News Source: Janmabhumi