വാഷിങ്ടണ്: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം സുഗമമാക്കുന്നതിനായി യുഎസ് ആരംഭിച്ച പ്രൊജക്ട് ഫ്രീഡം ദൗത്യസംഘത്തിനെതിരെ ആക്രമണം നടന്നാൽ ഇറാൻ എന്ന രാജ്യം ഭൂമിയിൽ നിന്നും ഇല്ലാതാകുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. യുഎസ് പ്രൊജക്ട് ഫ്രീഡം ഇറാൻ നിരാകരിച്ചതിനോടുള്ള പ്രതികരണമായിരുന്നു ട്രംപിന്റെ പ്രസ്താവന. യുഎസ് സൈനിക താവളങ്ങൾ അത്യാധുനിക ആയുധങ്ങളാൽ സജ്ജമാണ്. ആവശ്യമെങ്കിൽ അവയെല്ലാം ഉപയോഗിക്കുമെന്നും ഇറാനെ ഭൂമിയിൽ നിന്നും ഇല്ലാതാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹോർമൂസ് കടലിടുക്കിൽ അടുത്തിടെ ദക്ഷിണ കൊറിയൻ ചരക്ക് കപ്പലിനെതിരെ ആക്രമണം നടന്നിരുന്നു. തുടർന്ന് യുഎസ് ദൗത്യത്തിൽ പങ്കാളികളാകാൻ ദക്ഷിണ കൊറിയയോട് ആവശ്യപ്പെട്ടതായി ട്രംപ് അറിയിച്ചു. ഹോർമൂസിൽ യുഎസ് നാവികസേന സ്വീകരിച്ച നടപടികൾ ചരിത്രത്തിലെ ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

സ്വതന്ത്രമായും സുരക്ഷിതമായും ചരക്ക് നീക്കം ലക്ഷ്യമിട്ടാണ് പ്രൊജക്ട് ഫ്രീഡം ആരംഭിച്ചത്. ഈ ദൗത്യം ആരംഭിച്ച മണിക്കൂറുകൾക്കുള്ളിൽ തന്നെ നിരവധി കപ്പലുകൾക്ക് ഹോർമൂസ് കടലിടുക്ക് കടക്കാൻ സുരക്ഷാ സഹായം ലഭ്യമാക്കിയതായി യുഎസ് അഡ്മിറൽ ബ്രാഡ് കൂപ്പർ അറിയിച്ചു. കപ്പലുകൾക്ക് നേരെ ഇറാൻ ക്രൂയിസ് മിസൈലുകളെയും ഡ്രോണുകളെയും വിന്യസിച്ചെങ്കിലും യുഎസ് സൈന്യം അവയെല്ലാം പ്രതിരോധിച്ചതായി കൂപ്പർ വ്യക്തമാക്കി.

ഇതിനിടെ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇറാൻ പ്രതിരോധ മന്ത്രി ചൈന സന്ദർശിച്ചു. പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ഇറാൻ നേതാക്കൾ അതൃപ്തി പ്രകടിപ്പിച്ചതിനെ തുടർന്ന് ചൈനയെ സമീപിച്ചതാണെന്ന് അറിയുന്നു. അന്താരാഷ്ട്ര തലത്തിൽ ഇറാന് പിന്തുണ വളർത്തിയെടുക്കുന്നതിനാണ് ഈ സന്ദർശനം.

Photo and News Source: Janmabhumi