ദുബൈ: യുഎഇയുടെ രൂപീകരണ കാലം മുതൽ ഇന്നുവരെയുള്ള ചരിത്രം ക്യാമറയിൽ പകർത്തിയ പ്രശസ്ത ഇന്ത്യൻ ഫോട്ടോഗ്രാഫർ രമേശ് ശുക്ല (87) അന്തരിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുബൈ കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അനുശോചനം പ്രകടിപ്പിച്ചു.

"യുഎഇയുടെ ആദ്യകാല യാത്രകളും നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിന്റെ നിർണായക നിമിഷങ്ങളും രേഖപ്പെടുത്തിയ രമേശ് ശുക്ലയുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഹൃദയംഗമായ അനുശോചനം. എമിറേറ്റ്‌സിനും ജനങ്ങൾക്കുമായി അദ്ദേഹം 6 പതിറ്റാണ്ടുകൾ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ചു," എന്ന് ശൈഖ് ഹംദാൻ എക്സിൽ പറഞ്ഞു.

കഴിഞ്ഞ ഒരു വർഷമായി ഹൃദയസംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ശുക്ല, ഞായറാഴ്ചയാണ് അന്തരിച്ചത്. ആരോഗ്യനില വഷളായതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.

1960-കളിൽ യുഎഇയുടെ ചരിത്രം രേഖപ്പെടുത്തിയ അദ്ദേഹത്തിന്റെ ഫോട്ടോ ശേഖരം സായിദ് നാഷണൽ മ്യൂസിയത്തിലും ഇത്തിഹാദ് മ്യൂസിയത്തിലും പ്രദർശിപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക പദവിയില്ലാതിരുന്നിട്ടും, പരേതനായ ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂം അദ്ദേഹത്തെ 'രാജകീയ ഫോട്ടോഗ്രാഫർ' എന്ന് ബഹുമാനിച്ചു.

Photo and News Source: Suprabhaatham