ഹജ്ജ് 2026-ലെ ആദ്യ സംഘങ്ങൾ ഇന്ന് പുണ്യഭൂമിയിലെത്തുന്നു. പാകിസ്താനിലെ കറാച്ചിയിൽ നിന്നും 160 തീർത്ഥാടകരുമായി ആദ്യ വിമാനം പുറപ്പെട്ടു. ഈ വർഷം ആദ്യ 15 ദിവസങ്ങളിൽ ഹജ്ജ് തീർത്ഥാടകരെ വഹിച്ചുള്ള വിമാനങ്ങൾ മദീനയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും.

ജിദ്ദയിലെ വിമാനത്താവളത്തിലൂടെ ഹാജിമാരെ എത്തിക്കുന്ന വിമാനങ്ങൾ 2026 മെയ് 4-ന് എത്തുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യയിൽ നിന്നും 371 തീർത്ഥാടകരുമായി ഡൽഹി വിമാനത്താവളത്തിൽ നിന്നും മദീനയിലേക്ക് ആദ്യ വിമാനം പുറപ്പെട്ടു. ഡൽഹി ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇവരെ യാത്രയാക്കി.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഈ വർഷം ഇന്ത്യയിൽ നിന്നും 1,75,025 തീർത്ഥാടകരാണ് ഹജ്ജിനായി പുണ്യഭൂമിയിലെത്തുന്നത്. മദീനയിൽ തീർത്ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായി. സൗദി ഇന്ത്യൻ എംബസി, മന്ത്രാലയ ഉദ്യോഗസ്ഥർ, കോൺസുലേറ്റ് പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ഇവരെ സ്വീകരിക്കും.

Photo and News Source: Siraj Live