ഹൃദയാരോഗ്യത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് ഹൃദയാഘാതം. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം, ഹൃദ്രോഗങ്ങൾ (Cardiovascular diseases) മൂലമുള്ള മരണങ്ങളാണ് ഏറ്റവും കൂടുതലെന്ന് കണ്ടെത്തിയിട്ടുണ്ട്. പലപ്പോഴും ഹൃദയാഘാതം പെട്ടെന്നുള്ള നെഞ്ചുവേദനയായോ തളർച്ചയായോ വരണമെന്നില്ല. നിശബ്ദമായ ലക്ഷണങ്ങളിലൂടെയാണ് ഇത് കടന്നുവരുന്നത്. ഈ ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിയുന്നത് ജീവൻ രക്ഷിക്കാൻ അത്യാവശ്യമാണ്.

ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണമായി നെഞ്ചിലെ കനത്ത ഭാരം അല്ലെങ്കിൽ അസ്വസ്ഥതയെ പ്രമുഖ ഹൃദ്രോഗ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. നെഞ്ചിൽ ആരെങ്കിലും കയറി ഇരിക്കുന്നതുപോലെയോ, നെച്ച് വരിഞ്ഞു മുറുക്കുന്നതുപോലെയോ ഉള്ള അനുഭവമാണ് പല രോഗികളും പങ്കുവെക്കുന്നത്. ഈ അസ്വസ്ഥത മിനിറ്റുകളോളം നീണ്ടുനിൽക്കാം അല്ലെങ്കിൽ ഇടവിട്ട് വരാം. പലപ്പോഴും ഈ ലക്ഷണത്തെ സാധാരണ ഗ്യാസ് ട്രബിൾ എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കും.

വേദന നെഞ്ചിൽ മാത്രം ഒതുങ്ങി നിൽക്കണമെന്നില്ല. കഴുത്ത്, താടിയെല്ല്, പുറംഭാഗം, ഇടത് കൈ അല്ലെങ്കിൽ രണ്ട് കൈകൾ എന്നിവിടങ്ങളിലേക്ക് ഈ അസ്വസ്ഥത പടരാം. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ താടിയെല്ലിലോ പുറത്തോ വേദന അനുഭവപ്പെടുന്നത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ശ്വാസമെടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് മറ്റൊരു പ്രധാന ലക്ഷണമാണ്. നെഞ്ചുവേദനയ്‌ക്കൊപ്പമോ അല്ലാതെയോ ശ്വാസതടസ്സം ഉണ്ടാകാം. അല്പം നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ അമിതമായ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയത്തിന്റെ പ്രവർത്തനത്തിലെ തകരാറിനെ സൂചിപ്പിക്കുന്നു.

അമിതമായ ക്ഷീണം, അമിതമായ വിയർക്കൽ എന്നിവയും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളാണ്. തണുപ്പുള്ള സാഹചര്യത്തിൽ പോലും അമിതമായി വിയർക്കുക, വിയർപ്പ് അനുഭവപ്പെടുക എന്നിവ ഹൃദയാഘാതത്തിന്റെ സൂചനയാകാം. സ്ത്രീകൾ, പ്രമേഹരോഗികൾ, മുതിർന്ന പൗരന്മാർ എന്നിവരിൽ ഇത്തരം നിശബ്ദ ലക്ഷണങ്ങൾ കാണപ്പെടാനുള്ള സാധ്യത കൂടുതലാണ്. ദഹനക്കേട്, വയറ്റിലെ അസ്വസ്ഥത, ഓക്കാനം അല്ലെങ്കിൽ ഛർദി എന്നിവയും ഹൃദയാഘാതവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹൃദയത്തിന്റെ താഴ് ഭാഗത്താണ് ബ്ലോക്കുകൾ ഉണ്ടാകുന്നതെങ്കിൽ അത് വയറ്റിലെ അസ്വസ്ഥതയായി പ്രകടമാകാറുണ്ട്.

ഇത്തരം ലക്ഷണങ്ങൾ കണ്ടാലുടൻ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. ഇസിജി, ട്രോപോണിൻ ടെസ്റ്റ് തുടങ്ങിയ പരിശോധനകളിലൂടെ ഹൃദയാഘാത സാധ്യത കണ്ടെത്താൻ സാധിക്കും. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് കൃത്യമായ ജീവിതശൈലി അത്യാവശ്യമാണ്. രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിച്ചു നിർത്തണം. ദിവസവും വ്യായാമം ചെയ്യുന്നതും സമീകൃതാഹാരം ശീലിക്കുന്നതും ഹൃദയാഘാത സാധ്യത കുറയ്ക്കും. പുകവലി പൂർണമായും ഒഴിവാക്കുക. അമിതമായ മാനസിക സമ്മർദം കുറയ്ക്കാൻ യോഗയോ ധ്യാനമോ ശീലിക്കാം.

Photo and News Source: Media Mangalam