മുംബൈയിലെ ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) നാസിക് ശാഖയിൽ ഉയർന്നുവന്ന മതം മാറ്റൽ ആരോപണങ്ങളുടെയും ലൈംഗിക പീഡന പരാതികളുടെയും അന്വേഷണം തുടരുന്നു. ഈ കേസിലെ പ്രധാന വ്യക്തിയായി പോലീസ് നിദ ഖാനെ സൂചിപ്പിച്ചിരുന്നുവെങ്കിലും, TCS അവരെ എച്ച്ആർ മാനേജർ ആണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അവർ റിക്രൂട്ട്‌മെന്റ് ചുമതലകളൊന്നും നിർവഹിച്ചിരുന്നില്ല. ഓഫീസിലെ പ്രോസസ് അസോസിയേറ്റായാണ് പ്രവർത്തിച്ചിരുന്നത്.

TCS ഒരു ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചിട്ടുണ്ട്. കമ്പനി ബോർഡിലെ സ്വതന്ത്ര ഡയറക്ടർ കെകി മിസ്ത്രി ആണ് സമിതിയുടെ അധ്യക്ഷൻ. പ്രാഥമിക പരിശോധനയിൽ, നാസിക് യൂണിറ്റിലെ സിസ്റ്റങ്ങളും റെക്കോർഡുകളും പരിശോധിച്ചതിൽ, ആരോപണങ്ങളിൽ പറയുന്ന പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് TCS വ്യക്തമാക്കി. എത്തിക്സ് കമ്മറ്റിക്കോ പോഷ് കമ്മറ്റിക്കോ ഇത്തരത്തിലുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ല.

കേസുമായി ബന്ധപ്പെട്ട് ആറ് പുരുഷന്മാരും ഒരു സ്ത്രീയുമാണ് ഇതുവരെ അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രധാന പ്രതിയായ നിദ ഖാൻ നിലവിൽ ഒളിവിലാണ്. 2022-ൽ ഓഫീസിലെ സഹപ്രവർത്തകനായ ഡാനിഷ് ഷെയ്ഖ്, താൻ വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് വിവാഹവാഗ്ദാനം നൽകി ഒരു സ്ത്രീയുമായി ശാരീരികബന്ധം സ്ഥാപിച്ചു എന്ന പരാതിയോടെയാണ് ഈ സംഭവം പുറത്തറിയുന്നത്.

Photo and News Source: Mathrubhumi