മലയാള സിനിമയുടെ പ്രതീകമായ 'മഞ്ഞുമ്മൽ ബോയ്' എന്ന ചിത്രത്തിനുശേഷം ചിദംബരം സംവിധാനം ചെയ്യുന്ന 'ബാലൻ' എന്ന പുതിയ ചിത്രം ലോകപ്രശസ്തമായ കാൻസ് ഫിലിം ഫെസ്റ്റിവലിൽ മാർക്കറ്റിങ് സ്‌ക്രീനിങ്ങിനായി തയ്യാറാകുന്നു. മെയ് 14-ന് നടക്കുന്ന ഈ പ്രദർശനം, മലയാള സിനിമയുടെ പുതിയ മുഖം ലോകത്തിന് പരിചയപ്പെടുത്തും.
കെ വി എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിർമ്മാതാക്കളായ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചിത്രത്തിന്റെ നിർമ്മാണത്തിനും പ്രമോഷനുമായി അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്നു. സംവിധായകൻ ജിത്തു മാധവൻ രചിച്ചിരിക്കുന്ന ഈ ചിത്രം, മലയാള സിനിമയുടെ സാർവത്രിക സ്വഭാവത്തെ പ്രതിഫലിപ്പിക്കും.
നിർമ്മാതാവ് ശൈലജ ദേശായി ഫെൻ പറയുന്നത്, കാൻസിനോടുള്ള തന്റെ വ്യക്തിപരമായ ബന്ധത്തെക്കുറിച്ചാണ്. 2022-ൽ കാൻസിൽ വന്നപ്പോൾ, അടുത്ത തവണ താൻ തന്റെ ചിത്രവുമായി വരുമെന്ന വാഗ്ദാനം തന്നോട് തന്നെ ചെയ്തിരുന്നു. ഇന്ന് ബാലനോടൊപ്പം നിൽക്കുമ്പോൾ, ആ വാഗ്ദാനം പാലിക്കുന്നതിന്റെ ഓരോ ഉറക്കമില്ലാത്ത രാത്രിയും വിലപ്പെട്ടതാണെന്ന് അവർ പറയുന്നു. കെവിഎൻ പ്രൊഡക്ഷൻസിലെയും തെസ്പിയൻ ഫിലിംസിലെയും എല്ലാവർക്കും കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാൻ കഴിഞ്ഞത് വളരെയധികം അഭിമാനകരമാണ്.
ശൈലജ പറയുന്നത്, 'ബാലൻ-ദി ബോയ്' എന്ന ചിത്രം ലോകമെമ്പാടുമുള്ള എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു സാർവത്രിക കഥയാണ്. തന്നെ സംബന്ധിച്ചിടത്തോളം, ഒരു സിനിമയ്ക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മനോഹരമായ കാര്യം അതാണ്. 'ബാലൻ' വെറുമൊരു സിനിമയല്ല, അത് ഒരു പ്രസ്താവനയാണ്. നിങ്ങൾ ആദ്യം ഈ വ്യവസായത്തിലേക്ക് വന്നത് എന്തുകൊണ്ടാണെന്ന് കൃത്യമായി നിങ്ങളെ ഓർമ്മിപ്പിക്കുന്ന തരം സൃഷ്ടിയാണ് ഈ ചിത്രം' എന്നും അവർ കൂട്ടിച്ചേർത്തു.
നിർമ്മാതാവ് കെ വെങ്കട് നാരായണ പറയുന്നത്, ലോകത്തിന് അവഗണിക്കാൻ കഴിയാത്ത ജോലിയാണ് മലയാള സിനിമ ചെയ്യുന്നത് എന്നാണ്. 'തങ്ങൾ ഇപ്പോൾ കാൻസിലാണ്, കാരണം തങ്ങളുടെ പക്കലുള്ളതെല്ലാം ഉപയോഗിച്ച് ഒരുക്കിയ 'ബാലൻ' അത് അർഹിക്കുന്നു' എന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ ചിദംബരം പറയുന്നത്, 'നമ്മൾ വരുന്നിടത് നിന്നുള്ള ഭാരവും, നമ്മൾ എവിടെയാണ് സ്വീകരിക്കപ്പെടുന്നത് അല്ലെങ്കിൽ ഉൾകൊള്ളപ്പെടുന്നത് എന്നത് കണ്ടെത്താനുള്ള അടങ്ങാത്ത ആഗ്രഹവും പോലെയുള്ള കാര്യങ്ങളാണ് ബാലനിലൂടെ പറയുന്നതെന്ന്' എന്നാണ്.
ചിദംബരം പറയുന്നത്, 'അത്തരം സത്യങ്ങൾ കൊണ്ട് പ്രേക്ഷകരെ വിശ്വസിക്കുന്ന സിനിമയുടെ ആസ്ഥാനമാണ് എല്ലായ്പ്പോഴും കാൻസ്. ബാലൻ പ്രേക്ഷകരെ പൂർണ്ണമായും വിശ്വസിക്കുന്നു. മനസ്സിലാക്കുന്നതിന് മുമ്പ് അതിന്റെ അനുഭവം സമ്മാനിക്കുക, ശേഷം അവർക്കൊപ്പം എന്തെങ്കിലും മനസ്സിലേറ്റി കൊണ്ട് പോവുക എന്നതാണ് ബാലനിലൂടെ പ്രേക്ഷകർക്ക് സമ്മാനിക്കാൻ ഒരുങ്ങുന്നതെന്നും' അദ്ദേഹം സൂചിപ്പിച്ചു.
ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിൽ ഛായാഗ്രഹണം- ഷൈജു ഖാലിദ്, സംഗീതം- സുഷിൻ ശ്യാം, എഡിറ്റർ- വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈനർ- അജയൻ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടർ/ എക്സികുട്ടീവ് പ്രൊഡ്യൂസർ- ഗണപതി, വസ്ത്രാലങ്കാരം- സപ്ന കാജാ റാവുത്തർ, മേക്കപ്പ്- റോണക്സ് സേവ്യർ, ആർട്ട് ഡയറക്ടർ- ഇന്ദുലാൽ കാവീട്, ഓഡിയോഗ്രഫി- ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ എന്നിവർ പ്രവർത്തിച്ചിരിക്കുന്നു. അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്സ്- സുപ്രീത്, ധവൽ ജട്ടാനിയ, പൂജ ഷാ എന്നിവരാണ്.
Photo and News Source: Kerala Online News









