പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനും യുഡിഎഫിനും വേണ്ടി പാലക്കാട് മണ്ഡലം നിലനിർത്തിയ രമേഷ് പിഷാരടിയുടെ വിജയക്കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. തന്റെ കുറിപ്പിന് താഴെ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ “പാലക്കാടിന്റെ എംഎൽഎ” എന്ന കമന്റാണ് ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെടുന്നത്.
പിഷാരടിയുടെ കുറിപ്പിൽ “കേരളത്തിന്റെ മഹാവിജയത്തിനൊപ്പം പാലക്കാടിനെ ചേർത്തുനിർത്തിയതിന്, വിശ്വസിച്ച നേതൃത്വത്തിനും പ്രവർത്തകർക്കും നന്ദി” എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഗോദയിലെ ആദ്യ അങ്കത്തിൽ തന്നെ പാലക്കാട് പോലുള്ള വിഐപി മണ്ഡലം പിടിച്ചെടുത്തതിന്റെ ആവേശത്തിലാണ് പിഷാരടി.
രാഹുലിന്റെ കമന്റിന് താഴെ നിരവധി പ്രതികരണങ്ങൾ ഉയർന്നുവരുന്നു. “തിരിച്ചു വാ രാഹുൽ… നിനക്കും ഈ വിജയത്തിൽ വലിയ പങ്കുണ്ട്” എന്ന് ആരാധകർ കുറിക്കുമ്പോൾ, “ഡാ കുട്ടാ, നമ്മൾ ജയിച്ചെടാ” എന്ന സ്നേഹപ്രകടനങ്ങളും കാണാം. എന്നാൽ ചിലർ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. “നിന്റെ പിടിപ്പുകേട് കൊണ്ട് അവന് ചാൻസ് കിട്ടി” എന്ന തരത്തിലുള്ള കമന്റുകളും പോസ്റ്റിന് താഴെ ഉണ്ട്.
പാലക്കാട് സീറ്റിനെച്ചൊല്ലി തിരഞ്ഞെടുപ്പിന് മുൻപ് കോൺഗ്രസിനുള്ളിൽ തീവ്ര ചർച്ചകൾ നടന്നിരുന്നു. ലൈംഗികാരോപണത്തെ തുടർന്നായിരുന്നു രാഹുലിന്റെ സ്ഥാനത്തേക്ക് പിഷാരടിയെ തിരഞ്ഞെടുക്കുന്നത്.
Photo and News Source: Malayalam Express









