ഹുനാന്‍ പ്രവിശ്യയിലെ ലിയുയാങ് പട്ടണത്തിലുള്ള ‘ഹുവാഷെങ് ഫയര്‍വര്‍ക്‌സ് മാനുഫാക്ചറിംഗ്’ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം. പ്രാദേശിക സമയം 4.40 ഓടെ ഉണ്ടായ ദുരന്തത്തില്‍ 21 പേര്‍ മരണമടഞ്ഞു. 61 പേര്‍ക്ക് പരുക്കേറ്റു. 500 ഓളം രക്ഷാപ്രവര്‍ത്തകര്‍ രംഗത്തുണ്ടായിരുന്നു.
പൊട്ടിത്തെറിക്ക് മൂന്ന് കിലോമീറ്റര്‍ അകലെ വരെയുള്ള പ്രദേശങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. 20 മുതൽ 60 വരെ പ്രായമുള്ളവരാണ് ബാധിതരായതെന്ന് റിപ്പോര്‍ട്ടുകള്‍.
ഫാക്ടറി കെട്ടിടങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നതോടെ അവശിഷ്ടങ്ങള്‍ പരിസരത്തേക്ക് ചിതറി. ആകാശത്തേക്ക് ഉയർന്ന പുകയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപിച്ചു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ നല്‍കാനുമുള്ള ശ്രമം തുടരുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. വ്യവസായ ശാലകളില്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കണമെന്നും ഇത്തരം അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുന്നു.
Photo and News Source: Siraj Live









