ആലപ്പുഴ: കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പിന്തള്ളപ്പെടുന്നു. ഒരു കാലത്ത് ലോക്സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനവും യുപിഎ സർക്കാരിന്റെ നിയന്ത്രണവും കൈവശം വച്ചിരുന്ന പാർട്ടി ഇന്ന് അപ്രസക്തമായി. വൈദേശിക ചിന്താഗതികളെ തള്ളിക്കളയുന്ന ഭാരതത്തിന്റെ ദേശീയതാ പ്രസ്ഥാനത്തിന്റെ ഉയർച്ചയോടെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുഖ്യധാരയിൽ നിന്ന് പുറത്താക്കപ്പെട്ടു.
1957-ൽ കേരളത്തിൽ ഇ.എം.എസ്. നേതൃത്വത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യമായി അധികാരത്തിലെത്തി. എന്നാൽ 2026-ൽ പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ സിപിഎം ദേശീയ രാഷ്ട്രീയത്തിൽ നിന്ന് പൂർണ്ണമായും പിന്തള്ളപ്പെട്ടു. പഞ്ചാബ്, മഹാരാഷ്ട്ര, ബീഹാർ, ആന്ധ്രപ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ശക്തമായ സാന്നിധ്യം ഉണ്ടായിരുന്ന സിപിഎം, ഇന്ന് നിലനില്പിനായി പോരാടേണ്ട അവസ്ഥയിലാണ്.
കേരളം, ത്രിപുര, ബംഗാൾ എന്നിവിടങ്ങളിൽ ഭരണം നടത്തിയ സിപിഎം, ഇന്ന് മലയാളിയായ പാർട്ടി ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ ദുരിതകാലം നേരിടുന്നു. കേരളം പോലും കൈവിട്ടതോടെ പാർട്ടിയുടെ സാമ്പത്തിക അടിത്തറയ്ക്കും ഇടിവ് സംഭവിക്കുമെന്നാണ് വിശ്വാസം. തൊഴിലാളി വർഗ്ഗത്തിന്റെ പേരിൽ അധികാരത്തിലേറിയവർ പുതിയ മുതലാളിമാരായി മാറിയതാണ് ഈ സ്ഥിതിക്ക് കാരണം.
Photo and News Source: Janmabhumi









